ലഹരി എത്തിച്ചത് ബാംഗ്ലൂരില്‍ നിന്ന്, ലോഡ്ജ് മുറിയില്‍ എംഡിഎംഎ കച്ചവടം; യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍

 


കൊച്ചി: ലോഡ്ജ് മുറി കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പ്പന നടത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പിടിയില്‍.

മലപ്പുറം നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എ.എം (31), കൊല്ലം പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി.ഷാജി (30), പത്തനംതിട്ട മാങ്കോട് സ്വദേശി ശ്രീലക്ഷ്മി എസ് (29) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.പാലാരിവട്ടം ബൈപാസ് ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പാലാരിവട്ടം പൊലീസ് സംഘത്തിനു ലഭിച്ച സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിനു വടക്കുഭാഗത്തുള്ള ലോഡ്ജിലെ ഒന്നാം നിലയിലെ പന്ത്രണ്ടാം നമ്പർ മുറിയില്‍ തങ്ങിയായിരുന്നു മൂന്നംഗ സംഘത്തിന്റെ എംഡിഎംഎ വില്‍പ്പനയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വൈകിട്ട് 5.15ഓടെയാണ് പൊലീസ് മുറി പരിശോധിക്കാനെത്തിയത്. പൊലീസ് വാതിലില്‍ മുട്ടിയപ്പോള്‍ വാതില്‍ തുറന്നത് ശ്രീത്തുവും മുറിക്കുള്ളില്‍ ശ്രീലക്ഷ്മിയുമായിരുന്നു.

തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ മുറിയിലെ ടിവിയ്ക്ക് താഴെയുള്ള മേശപ്പുറത്ത് നിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഫ്യൂമിങ് ട്യൂബും വില്‍പനയ്ക്കായി സൂക്ഷിച്ച 10 ഒഴിവുള്ള സിപ് ലോക്ക് കവറുകളും കണ്ടെത്തി. പ്രധാന പ്രതിയായ തോമസ് എംഡിഎംഎ വാങ്ങാൻ പുറത്തുപോയിരിക്കുകയാണെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തി.

പൊലീസ് മുറിയില്‍ കാത്തുനില്‍ക്കുകയും വൈകിട്ട് 6.20ഓടെ മുറിയിലെത്തിയ തോമസിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ തോമസിന്റെ പക്കല്‍ നിന്നും 4.2397 ഗ്രാം എംഡിഎംഎയും ശ്രീത്തുവില്‍ നിന്ന് 0.4353 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

Post a Comment

Previous Post Next Post