കൺമുന്നിൽ ചോരവാർന്നുകിടന്നത് അരമണിക്കൂർ; രക്ഷകരാകാതെ നോക്കിനിന്നു ജനം, ഒടുവിൽ ഫർസീൻ യാത്രയായി


കോഴിക്കോട്: ദേശീയപാതയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് 18കാരൻ റോഡില്‍ ചോരവാർന്ന് കിടന്നത് 25 മിനുട്ടോളം. ഒടുവില്‍ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു.കോഴിക്കോടാണ് സംഭവം. ചേമഞ്ചേരികാപ്പാട് റെയ്‌ഷാസില്‍ ഫൈസല്‍ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്.
അത്തോളിയിലെ ദന്താശുപത്രിയില്‍ പോയശേഷം തിരികെ മടങ്ങിവരികയായിരുന്ന ഫർസീന്റെ ബൈക്കില്‍ അതേദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ഫർസീൻ എതിർദിശയില്‍ വന്ന വേറൊരു കാറിനടിയിലേക്ക് വീണു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചോരവാർന്ന് ഫർസീൻ റോഡില്‍കിടന്നെങ്കിലും വഴിയിലൂടെപോയ പലരും മൊബൈലില്‍ അപകടത്തിന്റെ ചിത്രം പകർത്താൻ മാത്രമാണ് ശ്രദ്ധിച്ചതെന്ന വിമർശനം ഉയരുന്നുണ്ട്.
അരമണിക്കൂർ കഴിഞ്ഞ് സ്ഥലത്തെ യാത്രക്കാരും തൊഴിലാളികളും അറിയിച്ചതനുസരിച്ച്‌ ആംബുലൻസെത്തി കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഫർസീനെ ഇടിച്ചിട്ട കാർ ഏതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Post a Comment

Previous Post Next Post