പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം; ഇറാനെ ആക്രമിച്ച്‌ അമേരിക്ക, തിരിച്ചടിച്ച്‌ ഇറാൻ


പശ്ചിമേഷ്യയില്‍ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഒരിടവേളയ്ക്ക് ശേഷം ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തി. ലാറക് ദ്വീപില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഇറാൻ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.

ജൂലൈയില്‍ രണ്ടാഴ്ച നീണ്ടുനിന്ന ആക്രമണങ്ങള്‍ക്കുശേഷം അമേരിക്ക ഇറാനെതിരെ നടത്തുന്ന ആദ്യ സൈനിക നടപടിയാണിത്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടിച്ചു. ജോർദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായി ഐആർജിസി അറിയിച്ചു. ആക്രമണം സ്ഥിരീകരിച്ച ജോർദാൻ, വ്യോമാതിർത്തിക്ക് മുകളില്‍വച്ച്‌ എട്ട് മിസൈലുകള്‍ തടഞ്ഞതായും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കില്‍ കടല്‍മൈനുകള്‍ വിന്യസിക്കാൻ ഇറാൻ നീക്കം നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലാറക് ദ്വീപില്‍ ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. ദ്വീപിലെ ഇറാന്റെ രണ്ട് മിസൈല്‍ ലോഞ്ചറുകളാണ് യുഎസ് സൈന്യം ലക്ഷ്യമിട്ടത്. കപ്പല്‍പാതയില്‍നിന്ന് കടല്‍മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനം കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയതായി യുഎസ് സെൻട്രല്‍ കമാൻഡും നേരത്തെ അവകാശപ്പെട്ടിരുന്നു.
ഡ്രോണുകള്‍ ഉപയോഗിച്ചാണ് അമേരിക്ക ലാറക് ദ്വീപില്‍ ബോംബാക്രമണം നടത്തിയതെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധം പരാജയപ്പെടുമെന്ന് ഇറാൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post