നിര്‍ണായക ജിഎസ്‌ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 12ന്; മൊബൈല്‍ ഫോണുകളുടെ നികുതി കുറച്ചേക്കും!


ഡല്‍ഹി: മൊബൈല്‍ ഫോണുകളുടെ ജിഎസ്‌ടി നിരക്ക് നിലവിലെ 18 ശതമാനത്തില്‍ നിന്ന് കുറയ്ക്കുന്ന കാര്യം സെപ്റ്റംബർ 12ന് ചേരുന്ന നിർണായക കൗണ്‍സില്‍ യോഗം പരിഗണിച്ചേക്കും.മൊബൈല്‍ ഫോണ്‍ വിപണിയിലെ ഡിമാൻഡ് കുറയുന്ന സാഹചര്യത്തിലാണ് നികുതി കുറയ്ക്കാനുള്ള നിർദ്ദേശം പരിഗണിക്കുന്നത്. നികുതി കുറച്ചാല്‍ മൊബൈല്‍ ഫോണുകളുടെ വില കുറയാനും വില്‍പ്പന വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
374 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്‌ടി കൗണ്‍സില്‍ വീണ്ടും യോഗം ചേരുന്നത്. കഴിഞ്ഞ യോഗത്തില്‍ പ്രധാനമായും ജിഎസ്‌ടി നിരക്കുകള്‍ പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ചർച്ച ചെയ്‌തത്. എന്നാല്‍ ഇത്തവണ ബിസിനസുകള്‍ക്ക് ജിഎസ്‌ടി നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിനും നികുതി അനുസരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കാൻ സാധ്യത.
മൊബൈല്‍ ഫോണുകളുടെ നികുതി കുറയ്ക്കുന്നതിന് പുറമെ ജിഎസ്‌ടിയുമായി ബന്ധപ്പെട്ട മറ്റ് നിരവധി വിഷയങ്ങളും യോഗത്തില്‍ പരിഗണിച്ചേക്കും. ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കൗണ്‍സിലിന്റെ പരിഗണനയില്‍ വരും. ഉല്‍പ്പന്നം നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കള്‍ക്കും മറ്റ് ഇൻപുട്ടുകള്‍ക്കും നല്‍കുന്ന ജിഎസ്‌ടി അന്തിമ ഉല്‍പ്പന്നത്തിന് ഈടാക്കുന്ന നികുതിയേക്കാള്‍ കൂടുതലാകുന്ന ഇൻവേർട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചർ ഇതില്‍ പ്രധാന വിഷയമാണ്.

Post a Comment

Previous Post Next Post