ആലക്കോട്: യുവാക്കളെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ഇന്റർലോക്ക് കട്ട കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ ആലക്കോട് പോലീസ് വധശ്രമത്തിന് കേസെടുത്തു. കരുവഞ്ചാൽ സ്വദേശി ഡിബിൻ, മണ്ഡലം സ്വദേശി ബിജു എന്നിവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിത (BNS) 115(2), 118(1), 296(b), 351(2), 110, 3(5) എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
വെള്ളാട് സ്വദേശികളായ മനു സുകുമാരൻ , സുഹൃത്തുക്കളായ അജിത്ത് , ബിനു എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം കരുവഞ്ചാലിലെ ബാർ പരിസരത്ത് വെച്ച് മനുവിനെ പ്രതികൾ ബിയർ കുപ്പി കൊണ്ട് എറിയുകയും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ മനു പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അർദ്ധരാത്രിയോടെ ആലക്കോട് കൊട്ടയാട് ജംഗ്ഷനിലെ ഹോട്ടലിന് മുന്നിൽ ഭക്ഷണം കഴിക്കാൻ എത്തിയ മനുവിനെയും സുഹൃത്തുക്കളെയും പ്രതികൾ വീണ്ടും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും രണ്ടാം പ്രതി ഇന്റർലോക്ക് കട്ട കൊണ്ട് എറിയുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
തുടർന്ന് ഇരുസംഘങ്ങളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് പ്രദേശത്ത് ഏറെ നേരം വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കല്ലേറിൽ സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗ്ലാസ് തകരുകയും റോഡിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സംഘർഷത്തിൽ പരിക്കേറ്റ പ്രതികളായ ഡിബിനും ബിജുവും കരുവഞ്ചാൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. നിലവിൽ ആലക്കോട് പോലീസിന്റെ കർശന നിരീക്ഷണത്തിലുള്ള ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഗ്രേഡ് എസ്.ഐ രമേശൻ കെ.യുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണമാണ് നടക്കുന്നത്.
(ശ്രദ്ധിക്കുക:)
തർക്കങ്ങളും പ്രശ്നങ്ങളും നിയമപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാൻ ശ്രമിക്കുക. തെരുവിൽ അക്രമം കാട്ടുന്നതും, ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നതും ഭാവി ജീവിതവും ജോലിയും നിയമക്കുരുക്കിലാക്കും എന്ന കാര്യം ഓരോരുത്തരും തിരിച്ചറിയുക.
Post a Comment