ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ സ്വന്തം വസതിയിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ പിടിയിലായി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ രൂപ റെഡ്ഡിയാണ് (48) കൊല്ലപ്പെട്ടത്.
മോഷണശ്രമം തടഞ്ഞതിനെത്തുടർന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജെബി കോളനിയിലെ വസതിയിൽ ഒറ്റയ്ക്കായിരുന്ന അധ്യാപികയെ പ്രതികൾ 27 തവണ കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപയും സംഘം കവർന്നു. സംഭവസമയത്ത് രൂപയുടെ ഭർത്താവ് രാജേന്ദർ റെഡ്ഡി ഹൈദരാബാദിലായിരുന്നു.
ഫോൺ സംഭാഷണത്തിനിടെ അമ്മായിയമ്മ കേട്ട ഒരു വാക്കാണ് പ്രതികളെ കുടുക്കാൻ പോലീസിന് സഹായകമായത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സംസാരിക്കുമ്പോൾ രൂപ 'ബാബു' എന്ന് ആരെയോ അഭിസംബോധന ചെയ്തിരുന്നു. സ്കൂളിലെ കുട്ടികളെയാണ് ഇവർ പൊതുവെ ഈ പേര് വിളിക്കാറുള്ളതെന്ന കുടുംബാംഗങ്ങളുടെ മൊഴി അന്വേഷണത്തിൽ വഴിത്തിരിവായി. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ വലയിലായത്
.

Post a Comment