പന്നിയെ പിടിക്കാൻ പോയ പറമ്പിൽ പുലി ചത്തു; ഒടുവിൽ 'ഒന്നാം പ്രതി'യായി സ്ഥലമുടമ! മാലൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു


മാലൂർ: മാലൂർ കെ.പി.ആർ നഗറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. വിദഗ്ധ ചികിത്സയ്ക്കായി വയനാട്ടിലെ വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പുലി ചത്തത്.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കെ.പി.ആർ നഗറിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പശുത്തൊഴുത്തിന് സമീപം കെണിയിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. പുലിയുടെ അസാധാരണ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് ചീഫ് വെറ്ററിനറി സർജൻ ഡോ. ഏലിയാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘമെത്തി മൂന്ന് തവണ മയക്കുവെടി വെച്ചാണ് പുലിയെ കൂട്ടിലാക്കിയത്. സ്ഥലത്ത് വെച്ചുതന്നെ പ്രഥമശുശ്രൂഷ നൽകിയ ശേഷമാണ് തുടർചികിത്സക്കായി വയനാട്ടിലേക്ക് മാറ്റാൻ ശ്രമിച്ചത്.
സംഭവത്തിൽ വനംവകുപ്പ് കർശന നിയമനടപടികൾ ആരംഭിച്ചു. പുലി കുടുങ്ങിയ പറമ്പിന്റെ ഉടമയെ ഒന്നാം പ്രതിയാക്കി കേസെടുക്കും. ഒപ്പം സ്ഥലത്ത് പന്നിക്കെണി സ്ഥാപിച്ച വ്യക്തിയെ കണ്ടെത്തി പ്രതിചേർക്കാനുള്ള അന്വേഷണവും വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post