ഒളിവിലിരുന്ന് കണ്ണൂരില്‍ കറങ്ങിനടന്നു, കൂട്ടുകാര്‍ സൈറ്റുകളില്‍ ജോലിക്ക് പോകുമ്പോള്‍ കാറില്‍ ഇരിന്നു; രണ്ട് ദിവസം തളിപ്പറമ്പിൽ


കണ്ണൂർ:  ക്രിമിനല്‍ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ക്ക് പൊലീസ് തുടക്കമിട്ടു.ഈ ആഴ്ചയ്ക്കുള്ളില്‍ അർജുന്റെ കേസ് ഹിസ്റ്ററി റിപ്പോർട്ട് പൊലീസ് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ജില്ലാ പൊലീസ് മേധാവി മുഖേനയാണ് റിപ്പോർട്ട് നല്‍കുക. റിപ്പോർട്ട് പരിശോധിച്ച ശേഷം കാപ്പ ചുമത്തുന്നതില്‍ ജില്ലാ കളക്ടർ അന്തിമ തീരുമാനം എടുക്കും.
അർജുൻ ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ മാസം 5-ാം തീയതിയാണ് അർജുൻ കണ്ണൂരില്‍ എത്തിയത്. 6-ാം തീയതി സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമൊപ്പം കാറില്‍ കണ്ണൂരിന്റെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. സോളാർ ഇൻസ്റ്റലേഷൻ ജോലിക്കാരായ പ്രണവും കുട്ടനും തോട്ടട, മട്ടന്നൂർ, ചാലോട് എന്നിവിടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ അർജുൻ കാറില്‍ തന്നെ കാത്തിരുന്നു.
6-ന് രാത്രി തളിപ്പറമ്പിലെത്തി ലോഡ്ജില്‍ താമസിച്ചു. 7-ാം തീയതിയും 8-ാം തീയതി ഉച്ച വരെയും ഇയാള്‍ ലോഡ്ജില്‍ തുടർന്നു. പിന്നീടാണ് തളിപ്പറമ്പില്‍ നിന്ന് പയ്യന്നൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. പൊലീസ് തിരയുന്ന സമയത്തും അർജുൻ കാറില്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Post a Comment

Previous Post Next Post