പ്രളയത്തിൽ ഒഴുകിയെത്തിയത് പണപ്പെട്ടകം; തല്ലിപ്പൊളിച്ച് 57 ലക്ഷം രൂപ കവർന്ന 29 പേർ പിടിയിൽ


കാഠ്മണ്ഡു: നേപ്പാളിലെ രസുവാ ജില്ലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ കൂറ്റൻ ഇരുമ്പ് സേഫ് (പണപ്പെട്ടകം) തല്ലിപ്പൊളിച്ച് അതിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ 29 നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. ഭോട്ടേകോശി മേഖലയിൽ നിന്നൊഴുകി വന്നതെന്ന് കരുതപ്പെടുന്ന സേഫിൽ നിന്നും കവർന്ന 57 ലക്ഷത്തോളം രൂപ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
കസ്റ്റഡിയിലായവരിൽ ഭൂരിഭാഗവും ഗാൽച്ചി-4 ലെ മാസ്റ്റർ മേഖലയിലുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി. പ്രളയജലത്തിനൊപ്പം ഒഴുകി കരയ്ക്കടിഞ്ഞ നിലയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സേഫ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആയുധങ്ങൾ ഉപയോഗിച്ച് ഇത് തല്ലിപ്പൊളിക്കുകയും ഉള്ളിലുണ്ടായിരുന്ന പണം വീതിച്ചെടുക്കുകയുമായിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് പ്രദേശത്ത് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പണം ആരുടേതാണെന്നതിനെക്കുറിച്ചും സേഫ് ഒഴുകി വന്ന സ്ഥാപനത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ മോഷണം, നിയമവിരുദ്ധമായി വസ്തുക്കൾ കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.

Post a Comment

Previous Post Next Post