ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ ജില്ലയിലെ ഏത്തവാഴ കർഷകർക്ക് വൻതോതില്‍ കൃഷിനാശമുണ്ടായതാണ് വിപണിയിലെ പ്രതിസന്ധിക്ക് കാരണം.വിളവെടുക്കാൻ പാകമായിരുന്ന ഏത്തവാഴകള്‍ വെള്ളക്കെട്ടില്‍ നശിച്ചതോടെ നാടൻ ഏത്തക്കായുടെ ലഭ്യത കുറഞ്ഞു. ഇതോടെ ഓണവിപണിയില്‍ ഉപ്പേരിക്കും പഴംചിപ്സിനും ശർക്കരവരട്ടിക്കും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
നിലവില്‍ ഒരു കിലോ നാടൻ പച്ച ഏത്തയ്ക്കയ്ക്ക് 100 രൂപയാണ് വില. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയർന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പത്തനംതിട്ടയില്‍ ഇപ്പോള്‍ പ്രധാനമായും തമിഴ്നാട്ടില്‍ നിന്നും വയനാട്ടില്‍ നിന്നുമുള്ള ഏത്തക്കുലകളാണ് വിപണിയിലെത്തുന്നത്. തമിഴ്നാടൻ കുലയ്ക്ക് കിലോയ്ക്ക് 60 രൂപയും വയനാടൻ കുലയ്ക്ക് 70 രൂപയുമാണ് നിലവിലെ വില.
വെള്ളം ഇറങ്ങിയതോടെ ആറ്റുതീരങ്ങളിലും തകിടുപുരയിടങ്ങളിലും പാടശേഖരങ്ങളിലും വാരംകോരി കൃഷി ചെയ്തിരുന്ന വിളവെടുപ്പിന് പാകമായ ഏത്തവാഴകള്‍ വാടിയൊടിഞ്ഞുവീഴുകയാണ്. പമ്പ, അച്ചൻകോവില്‍ നദീതീരങ്ങള്‍ക്കു പുറമെ വകയാർ, അടൂർ, പന്തളം, ചെന്നീർക്കര, വല്ലന, വെണ്മണി തുടങ്ങിയ പ്രദേശങ്ങളിലാണ് മധ്യതിരുവിതാംകൂറില്‍ വലിയ തോതില്‍ വാഴകൃഷി നടക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ഈ മേഖലകളിലെ കൃഷിയിടങ്ങള്‍ക്കുണ്ടായ നാശം പ്രാദേശിക വിപണിയിലെ ഏത്തക്കായുടെ ലഭ്യതയെയും ബാധിച്ചു.
നാടൻ ഏത്തക്കുലകള്‍ക്ക് ഗുണത്തിലും രുചിയിലും ആവശ്യക്കാർ ഏറെയാണ്. എന്നാല്‍ പ്രാദേശിക ഉത്പാദനം കുറഞ്ഞതോടെ വയനാട്, മഞ്ചേരി, മേട്ടുപ്പാളയം, തക്കല, ഹൊസൂർ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രധാനമായും പത്തനംതിട്ടയിലേക്ക് ഏത്തക്കുലകള്‍ എത്തുന്നത്.
ഓണവിപണിയില്‍ ആവശ്യക്കാർ ഏറെയുള്ള പഴംചിപ്സിനും ശർക്കരവരട്ടിക്കും ഇതിനകം വില ഉയർന്നിട്ടുണ്ട്. വെളിച്ചെണ്ണയില്‍ വറുത്ത നാടൻ ഏത്തക്കായുടെ ഉപ്പേരിക്ക് കിലോയ്ക്ക് 440 രൂപയാണ് നിലവിലെ വില. പാം ഓയിലില്‍ വറുത്ത ഉപ്പേരിക്ക് 360 രൂപയും ശർക്കരവരട്ടിക്ക് 360 രൂപയുമാണ് വില. പഴംചിപ്സിനും ഏകദേശം 400 രൂപ നല്‍കണം. വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചതിന്റെ ആഘാതം ഇത്തവണ ഓണസദ്യയിലെ ഒരു പ്രധാന വിഭവമായ ഏത്തക്കായുടെ വിലയിലും നേരിട്ട് പ്രതിഫലിക്കുകയാണ്.
Post a Comment