കൊപ്ര വില ഉയരുന്നു; വെളിച്ചെണ്ണ വില വീണ്ടും 300 കടന്നു, ചില്ലറ വിപണിയിൽ വൻ വർധന


കൊച്ചി: ഒരിടവേളയ്ക്കു ശേഷംവെളിച്ചെണ്ണവിലയിൽ കുതിപ്പ്. ശനിയാഴ്ച 260-278 രൂപ വരെയായിരുന്ന വില തിങ്കളാഴ്ച 300 കടന്നു. മൊത്തവില കിലോയ്ക്ക് 293 രൂപയാണെങ്കിലും കടകളിൽ ചില്ലറവിൽപ്പന 10 രൂപ വരെ കൂട്ടിയാണ്.
തേങ്ങവില കൂടിയതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. തൊണ്ടു നീക്കിയ തേങ്ങയ്ക്ക് കിലോയ്ക്ക് 45 രൂപയിൽനിന്ന് 75 രൂപയായി. കൊപ്രവില 160 പിന്നിട്ട് മുന്നോട്ടാണ്. മഴയാണ് കാരണം.

പ്രമുഖ വെളിച്ചെണ്ണ വിപണനകേന്ദ്രമായ തമിഴ്നാട്ടിലെ കാങ്കയത്ത് പോയവാരം വില കൂട്ടാൻ മില്ലുകൾ സംഘടിതമായി ശ്രമം തുടങ്ങിയിരുന്നു. ചരക്ക് പിടിച്ചുവെച്ചാണ് വില കൂട്ടാൻ ശ്രമിച്ചത്. എന്നാൽ ഏജൻസികൾ വിട്ടുനിന്നതോടെ മില്ലുകൾ വില താഴ്ത്തി താത്കാലികമായി പിൻമാറി. പിന്നീട് ആഴ്ചയുടെ അവസാനം വില കൂട്ടി.

തേങ്ങയ്ക്കും കൊപ്രയ്ക്കും കാര്യമായ ക്ഷാമമില്ലെന്നാണ് ഒരുവിഭാഗം വ്യാപാരികൾ പറയുന്നത്. പാമോയിലിന് കാര്യമായി വില കൂടാത്ത സാഹചര്യത്തിൽ വിലക്കയറ്റം വെളിച്ചെണ്ണ വിപണിയിൽ തിരിച്ചടിക്ക് ഇടയാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ജൂലായിൽ കൊപ്രവില കുറഞ്ഞപ്പോൾ, പൊതുമേഖലാ സ്ഥാപനമായ കേരഫെഡ് വെളിച്ചെണ്ണവില കുറച്ചിരുന്നു. ലിറ്ററിന് 332 രൂപയിൽനിന്ന് 299 ആയും അരലിറ്ററിന്റേതിന് 167-ൽനിന്ന് 150 ആയും താഴ്ത്തി. കൊപ്രശേഖരം ഉള്ളതിനാൽ വിലകൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേരഫെഡ് അധികൃതർ വ്യക്തമാക്കി. അതേസമയം, സ്വകാര്യ ബ്രാൻഡുകളിൽ പലതും 300 രൂപയിൽനിന്ന് കാര്യമായി വില കുറച്ചില്ല. പലതിനും ഇപ്പോഴും ശരാശരി 320 രൂപ വരെയാണ് വില.

2025 ജൂലായിൽ വെളിച്ചെണ്ണയ്ക്ക് റെക്കോഡ് വിലയായ 500 കടന്നിരുന്നു. 2024-ൽ 90 രൂപയായിരുന്ന കൊപ്രവില 2025-ൽ 280-300 രൂപയിലേക്ക് കുതിച്ചതോടെയാണിത്. ഡിസംബറോടെ വില കുറഞ്ഞുതുടങ്ങി. തെക്കൻസംസ്ഥാനങ്ങളിൽ നാളികേരം കാര്യമായി പ്രാദേശിക വിപണയിലേക്ക് വന്നതാണ് കാരണം. പശ്ചിമേഷ്യൻ യുദ്ധം കാരണം കയറ്റുമതി കുറഞ്ഞതും തേങ്ങയ്ക്ക് വിപണിയിൽ മടുപ്പുണ്ടാക്കിയിരുന്നു.


Post a Comment

Previous Post Next Post