കണ്ണൂർ: അധ്യാപകർ ഉള്‍പ്പെടെയുള്ളവരുടെ തസ്തിക നിലനിർത്തുന്നതിനായി വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച സംഭവത്തില്‍ ജില്ലയിലെ ഇരുപതോളം സ്കൂളുകള്‍ക്കെതിരെ കേസെടുക്കാൻ വിജിലൻസ്.കേസെടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ എന്നിവയില്‍ വ്യാപക ക്രമക്കേട് നടത്തിയതായാണ് വിജിലൻസ് കണ്ടെത്തല്‍. മറ്റ് സ്കൂളുകളിലെ വിദ്യാർഥികളുടെ പേരില്‍ ചില സ്കൂളുകള്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ മേല്‍വിലാസത്തിലുള്ള കുട്ടികള്‍ പോലും സ്കൂളില്‍ ഹാജരായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
യൂണിഫോം, പാഠപുസ്തകം, ഉച്ചഭക്ഷണം തുടങ്ങിയവയുടെ പേരില്‍ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായതായും വിജിലൻസ് കണ്ടെത്തി. ചില വിദ്യാർഥികളെ കാസർഗോഡ് ജില്ലയിലെ സ്കൂളുകളില്‍ നിന്നും കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും 'കടമെടുത്ത്' രേഖകളില്‍ ഉള്‍പ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
തലശേരിയിലെ ഒരു സ്കൂളില്‍ ഒരു ക്ലാസില്‍ മാത്രം 19 വിദ്യാർഥികളെ അധികമായി ചേർത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. സമ്മർദം മൂലമാണ് വ്യാജ രേഖകള്‍ തയ്യാറാക്കിയതെന്നാണ് അധ്യാപകരുടെ മൊഴി.
ആദ്യഘട്ടത്തില്‍ ക്ലാസ് അധ്യാപകർക്കും പ്രധാനാധ്യാപകർക്കുമെതിരെ കേസെടുക്കാനാണ് വിജിലൻസിന്റെ തീരുമാനം. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
Post a Comment