കണ്ണൂരില്‍ ടൗണില്‍ വൻ കഞ്ചാവ് വേട്ട: 12 കിലോ ഗ്രാം കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍


കണ്ണൂർ: ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെയും ഭാഗമായി കണ്ണൂർ ടൗണില്‍ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയില്‍ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന യുവാക്കളെ അറസ്റ്റ് ചെയ്തു.ഹെവൻ ഇൻ ലോഡ്ജില്‍ വെച്ച്‌ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ഷാജി കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശ് സ്വദേശികളായ സർവേശ് കുമാർ (36), സുശീല്‍ കുമാർ ഗിരി (36), ബിഹാർ സ്വദേശി രാജ് കുമാർ തിവാരി (38) എന്നിവരാണ് പിടിയിലായത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി., സുഹൈല്‍ പി.പി. എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോഡ്ജ് കേന്ദ്രീകരിച്ചുള്ള റെയ്ഡ്. കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായ പ്രതികളെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. കൂടാതെ കണ്ണൂർ ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി പ്രതികള്‍ക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകള്‍ നിലവിലുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രതികളെ കണ്ടെത്തുന്നതിനായി കേരള എടിഎസ് (ATS), എക്സൈസ് സൈബർ സെല്‍ എന്നിവയുടെ സാങ്കേതിക സഹായം ലഭിച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്., അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ അബ്ദുള്‍ നാസർ ആർ.പി., അജിത്ത് സി., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈല്‍ പി.പി., സിവില്‍ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി., സുജേഷ് എം.വി., സുബിൻ എം., ജിജീഷ് സി., സുഹീഷ് കെ. എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.

Post a Comment

Previous Post Next Post