ഇറാനില്‍ യുഎസ് ആക്രമണം തുടരുന്നു; കുവൈത്തിലെ യുഎസ് കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇറാൻ; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്


ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് യുഎസ്-ഇറാൻ സൈനിക സംഘർഷം വരുംദിനങ്ങളില്‍ കൂടുതല്‍ ശക്തമാകുന്നു.

തന്ത്രപ്രധാനമായ ഹോർമുസ് മേഖല കേന്ദ്രീകരിച്ച്‌ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേഖലയിലെ ബന്ദർ അബ്ബാസ്, ഖിഷം ദ്വീപ്, ഹാജിയാബാദ് എന്നിവിടങ്ങളിലാണ് യുഎസ് ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇതില്‍ ഖിഷം ദ്വീപില്‍ മാത്രം 11 മിസൈലുകള്‍ പതിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കുവൈത്തിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) രംഗത്തെത്തി. കുവൈത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കയുടെ അത്യാധുനിക എച്ച്‌ഐഎംഎആര്‍എസ് (HIMARS) മിസൈല്‍ ലോഞ്ചറുകളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ മൂന്ന് അതിർത്തി കേന്ദ്രങ്ങള്‍ക്കും ഒരു ഓഫ്ഷോർ എണ്ണ ഡ്രില്ലിങ് പ്ലാറ്റ്‌ഫോമിനും നാശനഷ്ടമുണ്ടായതായി കുവൈത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ പ്രത്യാക്രമണത്തിനിടെ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച്‌ ഖത്തറില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേർക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
ഇറാന്റെ പവർ ഗ്രിഡ് തകർന്നു; ലക്ഷക്കണക്കിന് ആളുകള്‍ ഇരുട്ടില്‍
അമേരിക്കൻ മിസൈലാക്രമണത്തില്‍ ഇറാന്റെ ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കനത്ത പ്രഹരമേറ്റു. രാജ്യത്തെ പ്രധാന വൈദ്യുതി ഗ്രിഡ് തകർന്നതായാണ് വിവരം. രണ്ടായിരത്തിലധികം ഉപകേന്ദ്രങ്ങള്‍ പൂർണ്ണമായും തകർന്നതായി ഇറാന്റെ ഔദ്യോഗിക വൈദ്യുതി കമ്പനി വ്യക്തമാക്കി. ഇതോടെ രാജ്യത്തിന്റെ വലിയൊരു ഭാഗം കടുത്ത ഊർജ്ജ പ്രതിസന്ധിയിലായിരിക്കുകയാണ്.

Post a Comment

Previous Post Next Post