സൗകര്യങ്ങളില്ലാതെ പാലക്കയംതട്ട്, മുഖം തിരിച്ച്‌ സഞ്ചാരികള്‍


കണ്ണൂർ: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പാലക്കയം തട്ടില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം അനുഭവിച്ച്‌ വിനോദ സഞ്ചാരികള്‍.

പൊട്ടിപ്പൊളിഞ്ഞ റോഡും വേണ്ട വിധത്തിലുള്ള വിശ്രമ സൗകര്യങ്ങളുടെ അഭാവവും സഞ്ചാരികളെ പാലക്കയം തട്ടിനോട് മുഖംതിരിപ്പിക്കുകയാണ്. പാലക്കയം തട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ ടൂറിസം വകുപ്പ് വേണ്ട വിധത്തില്‍ ഇടപെടുന്നില്ലെന്നാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ പരാതിപ്പെടുന്നത്.
മണ്ഡലം റോഡിലേക്ക് പ്രവേശിച്ചാല്‍ പാലക്കയം തട്ടിന്റെ മുകളിലേക്ക് എത്തണമെങ്കില്‍ സഞ്ചാരികള്‍ നടുവൊടിക്കണം. അത്രയ്ക്ക് ദയനീയമാണ് ഇവിടേക്കുള്ള റോഡിന്റെ അവസ്ഥ. അതികഠിനമാണ് റോഡ് യാത്ര.
സഞ്ചാരികളോട് 50 രൂപ പ്രവേശന ഫീസ് ചോദിച്ചുവാങ്ങുന്നുണ്ടെങ്കിലും മതിയായ സൗകര്യങ്ങളോ ഇരിപ്പിടങ്ങളോ ഇവിടെയില്ല. ഇരിപ്പിടങ്ങളിലേക്ക് കാട് പടർന്ന് കയറിയിട്ടുമുണ്ട്. ഉള്ള ഇരിപ്പിടങ്ങളാവട്ടെ തുരുമ്പു പിടിച്ച്‌ നശിച്ചു. രാത്രിയായാല്‍ വെളിച്ചം പേരിനുപോലുമില്ലെന്നാണ് സഞ്ചാരികള്‍ പറയുന്നത്. മുൻപ് സഞ്ചാരികള്‍ രാത്രിയിലും എത്തിയിരുന്നിടത്താണ് ഈ ദുരനുഭവം.
ഒരുകാലത്ത് പാലക്കയംതട്ടില്‍ വന്നുപോയവർ നിരവധിയായിയിരുന്നു. എന്നാല്‍ അസൗകര്യങ്ങള്‍ മാത്രമുള്ള പാലക്കയംതട്ടിലേക്ക് സഞ്ചാരികള്‍ കുറഞ്ഞു. ടൂറിസം വകുപ്പ് ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആക്ഷേപം.
സഞ്ചാരികള്‍ കുറഞ്ഞതോടെ ഇവിടെയുള്ള പല ചെറുകിട ടീ ഷോപ്പുകളും പ്രവർത്തനം അവസാനിപ്പിച്ചു. ഇവിടെ പ്രവർത്തിച്ചിരുന്ന 16ഡി സിനിമ ഷോകളും ഐസ് ക്രീം കടകളും സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രവർത്തനം അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post