യുക്രൈനില്‍ കപ്പലിന് നേരെ റഷ്യൻ ആക്രമണം; വെള്ളരിക്കുണ്ട് സ്വദേശി കൊല്ലപ്പെട്ടു

കാസർകോട്: യുക്രൈനില്‍ കപ്പലിന് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 10 കപ്പല്‍ ജീവനക്കാർ കൊല്ലപ്പെട്ടു.

കാസര്‍കോട് വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. വെള്ളരിക്കുണ്ടിലെ ജോയന്‍-സാലി ദമ്പതികളുടെ ഏകമകനാണ്. ലീവിന് നാട്ടില്‍ വന്ന് വിവാഹം ഉറപ്പിച്ച്‌ ഒരു മാസം മുമ്പാണ് അഖില്‍ തിരിച്ചു പോയത്. ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒഡേസ തീരത്താണ് ആക്രമണമുണ്ടായത്.
ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിന് പുറമേ യുക്രെയ്ന്‍ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു. ജൂലൈ 20ന് ശേഷം കരിങ്കടലില്‍ 7 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സമീപ ദിവസങ്ങളില്‍ റഷ്യന്‍ നഗരങ്ങളില്‍ യുക്രെയ്ന്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു.
കപ്പലിന് നേരെയാണ് റഷ്യന്‍ ക്രൂസ് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി ഒഡേസ മേഖലയില്‍ തുടര്‍ച്ചയായ റഷ്യന്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജൂലൈയില്‍ മാത്രം റഷ്യന്‍ ആക്രമണങ്ങളില്‍ 28 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഒലെ കിപ്പര്‍ പറഞ്ഞു. കരിങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള റഷ്യന്‍ ആക്രമണങ്ങളും വര്‍ധിച്ചിട്ടുണ്ട്. യുക്രെയ്‌ന്റെ കാര്‍ഷിക കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഈ പാത വഴിയാണ് നടക്കുന്നത്.

Post a Comment

Previous Post Next Post