കപ്പടിച്ചില്ലെങ്കിലും കാറ്റടിച്ചാൽ പണി കിട്ടും! ഫ്ലെക്സുകൾ ഉടൻ മാറ്റണമെന്ന് കളക്ടർ

 


കണ്ണൂർ: ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സുകൾ, പതാകകൾ, മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. യഥാർത്ഥ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് ഉൾക്കൊണ്ട് പൊതുസ്ഥലങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാ ആരാധകരും തയ്യാറാകണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ റോഡരികുകളിലും മറ്റ് സ്വകാര്യ ഇടങ്ങളിലും ഇത്തരം വലിയ ഹോർഡിംഗുകളും കട്ടൗട്ടുകളും നിലനിർത്തുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും, ഇത് പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാമെന്നും കളക്ടർ ഓർമ്മിപ്പിച്ചു. ശക്തമായ കാറ്റിലും മഴയിലും ഇവ തകർന്നുവീഴാൻ സാധ്യതയുണ്ട്.


കൂടാതെ, പൊതുസ്ഥലങ്ങളിലെ അനധികൃത ഹോർഡിംഗുകളും കട്ടൗട്ടുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കർശന ഉത്തരവും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി സ്ഥാപിച്ച ബോർഡുകളും കൊടിതോരണങ്ങളും ആരാധകർ സ്വമേധയാ നീക്കം ചെയ്ത് മറ്റുള്ളവർക്ക് മാതൃകയാകണമെന്നാണ് അധികൃതർ അഭ്യർത്ഥിക്കുന്നത്.


'ക്ലീൻ കണ്ണൂർ' എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് ജില്ലാ കളക്ടർ ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post