മഴയ്ക്ക് ലീവ്! വരും ദിവസങ്ങളിൽ വലിയ മഴയില്ലെന്ന് റിപ്പോർട്ട് (അവർ പറഞ്ഞാൽ പിന്നെ പെയ്യാതിരിക്കില്ലല്ലോ!)


തിരുവനന്തപുരം:  കേരളത്തില്‍ ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കഴിഞ്ഞ ദിവസങ്ങളില്‍ പരക്കെ മഴ ലഭിച്ചെങ്കിലും ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളോ നല്‍കിയിട്ടില്ല.
ചൊവ്വാഴ്ച വരെ കേരളത്തില്‍ വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും നേരിയതോ ഇടത്തരമോ ആയ മഴ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്തേക്കാം. ഒരു ജില്ലയിലും യെല്ലോ/ഓറഞ്ച് അലർട്ടുകള്‍ ഇല്ല.

മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും പൊതുജനങ്ങളും ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായതാണ് കേരളത്തില്‍ മഴ കുറയാൻ കാരണം. നിലവില്‍ തെലങ്കാന മുതല്‍ മധ്യ കിഴക്കൻ അറബിക്കടല്‍ വരെ ഒരു ന്യൂനമർദ്ദ പാത്തിയും, മധ്യ ഉത്തർപ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദ മേഖലയും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവ വരും മണിക്കൂറുകളില്‍ കൂടുതല്‍ ദുർബലമാകുമെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post