ഓണത്തിന് ഇത്തവണ സിനിമപ്പൂരവും; വരുന്നത് വമ്പൻ ചിത്രങ്ങള്‍


കേരള ബോക്സ്‌ഓഫീസില്‍ ഒരു യുദ്ധക്കളത്തിന്റെ പ്രതീതി സൃഷ്ടിച്ചായിരിക്കും ഇത്തവണ ഓണം റിലീസുകള്‍ എത്തുന്നത്. പല യുവതാരങ്ങള്‍ക്കും ഈ ഉത്സവകാലം അതിജീവനവും തിരിച്ചുവരവുമാണ്.
ആര് വാഴും ആര് വീഴും, അറിയാൻ ഇനി ഒരു മാസം കൂടി മാത്രമാണ് ബാക്കി.
കിംഗ് ഓഫ് കൊത്തയ്ക്കേറ്റ കനത്ത പരാജയത്തിന്റെ മങ്ങലില്‍ നിന്നും മലയാളത്തിലേയ്ക്കുള്ള ദുല്‍ഖറിന്റെ രാജകീയ തിരിച്ചുവരവിന് ഐആയം ഗെയിം ഇടമൊരുക്കുമോ?
നോബോഡി എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും ഒന്നും ആകാതെ പോയ പ്രിത്വിരാജിനു ഖലീഫ തുണക്കുമോ എന്നതാണ് അടുത്ത ചോദ്യം...
പ്രതിച്ചയായിലൂടെ തന്റെ ബോക്സ്‌ഓഫിസ് ‘പ്രതിഛായ’ അല്‍പം മങ്ങിപ്പോയ നിവിൻ പോളിക്ക് ബത്ലഹേം കുടുംബയൂണിറ്റ് ആശ്വാസം പകരുമോ. നോക്കാം ഇത്തവണത്തെ ഓണം റിലീസുകള്‍.
'തുടക്കം' കുറിക്കാൻ വിസ്മയ
മോഹന്ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി അഭിനയിക്കുന്ന തുടക്കമാണ്. ഫാമിലി ഡ്രാമയാണ് ചിത്രം. ഓഗസ്റ്റ് ഏഴിന് റിലീസാകുന്ന ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്യുന്നത്. മോഹൻലാലും വിസ്മയയും അരവിന്ദ് സദാശിവനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി, ലിനീഷ് നെല്ലിക്കല് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീർവാദ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന തുടക്കത്തില്‍ ജിബിൻ ഗോപിനാഥ്, സായ് കുമാർ, കോട്ടയം രമേശ്, മനോജ് കെ. ജയൻ, ജാഫർ ഇടുക്കി, ആശിഷ് ജോ ആന്റണി, മുന് മന്ത്രിയും നടനുമായ ഗണേഷ് കുമാർ, ബോബി കുര്യൻ, ജയാ കുറുപ്പ്, ചിപ്പി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ഐ ആം ഗെയിമുമായി ദുല്‍ഖർ
ആർഡിഎക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. മലയാളത്തിലേക്ക് നായകനായി ദുല്‍ഖർ സല്‍മാന്റെ തിരിച്ചുവരവ് കൂടിയായ ഈ ചിത്രം വേഫറർ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖർ തന്നെയാണ് നിർമിക്കുന്നത്. ഓഗസ്റ്റ് മധ്യത്തില്‍ ചിത്രം തിയറ്ററിലെത്തും.

ചിത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത അതിന്റെ സ്ക്രീൻപ്ലേ ടീമാണ്. കഥ നഹാസ് ഹിദായത്തിന്റേതാണെങ്കിലും തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബ, ബിലാല്‍ മൊയ്ദു, ഇസ്മായില്‍ അബൂബക്കർ എന്നിവർ ചേർന്നാണ്. നഹാസ് തന്റെ ആദ്യ ചിത്രമായ ആർഡിഎക്സ് പോലെ തന്നെ ആക്ഷനും വികാരങ്ങളും സമന്വയിപ്പിക്കുന്ന വലിയ കാൻവാസിലുള്ള ഒരു മാസ് എന്റർടെയ്നറാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
ചിത്രത്തില്‍ ദുല്‍ഖർ സല്‍മാൻ, കയാദു ലോഹർ, ആന്റണി വർഗീസ് (പെപ്പെ), കതിര്, മിഷ്കിൻ, വിനയ് ഫോർട്ട് തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമൻ ചാക്കോ എന്നിവരാണ് നിർവഹിക്കുന്നത്.
ഖലീഫ; മോഹൻലാലിനൊപ്പം ബോക്സ്‌ഓഫിസ് പിടിക്കാൻ പൃഥ്വിരാജ്

പോക്കിരിരാജയ്ക്ക് ശേഷം ഏകദേശം 15 വർഷങ്ങള്‍ക്കിപ്പുറം സംവിധായകൻ വൈശാഖും നടൻ പൃഥ്വിരാജ് സുകുമാരനും വീണ്ടും കൈകോർക്കുന്ന ചിത്രമാണ് ഖലീഫ. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് മോഹൻലാലിന്റെ സാന്നിധ്യമാണ്. ഓഗസ്റ്റ് 20-ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
ജിനു വി. എബ്രഹാമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം അധോലോകവും സ്വർണക്കടത്ത് ശൃംഖലയും പശ്ചാത്തലമാക്കിയ വലിയ കാൻവാസിലുള്ള ആക്ഷൻ ത്രില്ലറാണ്. ലണ്ടൻ, ദുബായി, കേരളം എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലെത്തുന്നത്.
ബത്ലഹേം കുടുംബയൂണിറ്റ്, ഹിറ്റ് ഉറപ്പിക്കാൻ നിവിൻ
നിവിൻ പോളി നായകനാകുന്ന ബെത്ലഹേം കുടുംബ യൂണിറ്റ് ഈ വർഷത്തെ ഓണം റിലീസുകളില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ്. പ്രേമലു എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രതീക്ഷ ആവോളമാണ്. ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നതെന്നതും മറ്റൊരു പ്രേത്യകത. ഓഗസ്റ്റ് 20-ന് റിലീസുണ്ടാകുമെന്നാണ് സൂചന.


Post a Comment

Previous Post Next Post