പാലാ നഗരസഭയില്‍ യുഡിഎഫ് ഭരണം വീണു.കോണ്‍ഗ്രസ് സഹകരണത്തോടെയാണ് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ആറ് അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസിലെ നാല് കൗണ്‍സിലർമാർ പിന്തുണ നല്‍കിയതോടെയാണ് യുഡിഎഫ് ഭരണം വീണത്.
26 അംഗങ്ങള്‍ ഉള്ള കൗണ്‍സിലില്‍ 17 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസത്തിന് ലഭിച്ചത്.
ഇതോടെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷ ആയിരുന്ന ദിയ ബിനു പുളിക്കക്കണ്ടം പുറത്തായി.
കോണ്‍ഗ്രസ് നഗരസഭ കക്ഷി നേതാവ് ടോണി തൈപറമ്പില്‍, ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യൂസ് എന്നിവരും കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച വൈസ് ചെയർപേഴ്സണ്‍ മായാ രാഹുലും എല്‍ഡിഎഫിനെ പിന്തുണച്ചു.
പാലായിലെ കക്ഷിനില
ആകെ സീറ്റുകള്‍ - 26
എല്‍ഡിഎഫ് - 12
കേരളാ കോണ്‍ഗ്രസ് (എം) 10
സ്വതന്തർ- 2
യുഡിഎഫ് - 10
കോണ്‍ഗ്രസ്- 6
കേരളാ കോണ്‍ഗ്രസ്- 3
കെ ഡി പി (മാണി സി കാപ്പന്റെ പാർട്ടി)- 1
സ്വതന്ത്ര കൂട്ടായ്മ -3
സ്വതന്ത്ര (കോണ്‍ഗ്രസ് വിമത ) -1
2 വോട്ടുകള്‍ നഷ്ടമായ കോണ്‍ഗ്രസിന്റെ പൂർണ പിന്തുണ അവിശ്വാസത്തിന് ലഭിച്ചില്ല.
രണ്ടുപതിറ്റാണ്ടായി പാലാ നഗരസഭാംഗമായ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ് ദിയ. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിനു പുളിക്കക്കണ്ടവും ദിയയും ബിനുവിന്റെ സഹോദരൻ ബിജുവും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചിരുന്നു. ബിനു രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാർഡില്‍നിന്നാണ് ദിയ ജയിച്ചുകയറിയത്. മദ്രാസ് ക്രിസ്ത്യൻ കോളേജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂർത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദിയ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
ഒരു പാർട്ടിക്കും മുന്നണിക്കും ഭൂരിപക്ഷം ഇല്ലാത്ത സഭയില്‍ യുഡിഎഫിന് ഭരണം ഉറപ്പിക്കുന്നതിന് പുളിക്കക്കണ്ടം കുടുംബത്തില്‍നിന്ന് വിജയിച്ച മൂന്നുപേരുടെ (സ്വതന്ത്ര കൂട്ടായ്മ) യും പിന്തുണ ആവശ്യമായിരുന്നു. ആദ്യടേമില്‍ ദിയ പുളിക്കക്കണ്ടത്തെ നഗരസഭാധ്യക്ഷയാക്കുകയെന്ന ധാരണയോടെയായിരുന്നു പിന്തുണ. പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്തായി.
ബിനു കോണ്‍ഗ്രസ് നേതാവായാണ് ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015-ല്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ച് പാലായില്‍ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സഹോദരൻ ബിജുവായിരുന്നു പ്രധാന എതിരാളി. 2020-ല്‍ സിപിഎം പ്രതിനിധിയായി പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചു. സിപിഎമ്മിന്റെ ചിഹ്നത്തില്‍ വിജയിച്ച ഏക അംഗമായിരുന്നു ബിനു.
Post a Comment