ചുഴലിയിൽ പുലിയിറങ്ങി; നാല് മാസം പ്രായമുള്ള പശുക്കിടാവിനെ കടിച്ചു കൊന്നു, പ്രദേശത്ത് കർശന ജാഗ്രതാ നിർദ്ദേശം


ചുഴലി: ചുഴലി പടിഞ്ഞാറെ മൂലയിൽ പുലിയിറങ്ങി. പ്രദേശവാസിയായ വിനോദിന്റെ നാലുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രദേശത്ത് പുലിയുടെ കാൽപ്പാദങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.

​പുലർച്ചെ ഒന്നരയോടെ പശുക്കിടാവിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ ഉണർന്നത്. പുറത്തിറങ്ങി പരിശോധിച്ചെങ്കിലും അപ്പോൾ ഒന്നും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് തൊഴുത്തിൽ നിന്നും 50 മീറ്ററോളം മാറി കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയ നിലയിൽ പശുക്കിടാവിനെ കണ്ടെത്തിയത്. തുടർന്ന് ജഡം കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം വീട്ടുകാർ മടങ്ങി. എന്നാൽ രാവിലെ വീണ്ടും വന്ന് നോക്കിയപ്പോൾ ജീവി തിരികെയെത്തി ജഡത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചതായി കണ്ടെത്തി. വെറ്റിനറി സർജൻ സ്ഥലത്തെത്തി പോസ്റ്റ്‌മോർട്ടം നടത്തി. ലക്ഷണങ്ങൾ വെച്ച് പുലിയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പും ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്.

​വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും, ഇത് മാത്രം പോരെന്നും പുലിയെ പിടികൂടാൻ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ജനവാസ മേഖലയായ ഇവിടെ നിരവധി സ്ഥലങ്ങളിൽ കാടുപിടിച്ച് കിടക്കുകയാണ്. സ്ഥല ഉടമകളുമായി ബന്ധപ്പെട്ട് ഈ കാടുകൾ വെട്ടിത്തെളിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വനംവകുപ്പ് പ്രദേശവാസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post