കണ്ണൂർ: മണ്ണിടിച്ചില്‍ സാധ്യത മുൻകൂട്ടി കണ്ടെത്തി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നൂതന സംവിധാനം സംസ്ഥാനത്ത് ആദ്യമായി കണ്ണൂരില്‍ യാഥാർത്ഥ്യമാകുന്നു.കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി മലയിലാണ് ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തുടങ്ങിയ ഡാറ്റകള്‍ തത്സമയം ശേഖരിച്ച് വിശകലനം ചെയ്താണ് മണ്ണിടിച്ചില്‍ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഐ.ഐ.ടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ഏകദേശം 2 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കുന്നത്.2022ല്‍ 34ഓളം മണ്ണിടിച്ചിലുകള്‍ റിപ്പോർട്ട് ചെയ്ത അതീവ ദുർഘട പ്രദേശമാണ് കണിച്ചാർ. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയമായ മുന്നറിയിപ്പ് സംവിധാനം ഇവിടെ സ്ഥാപിക്കാൻ തീരുമാനിച്ചത്.പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഈ വർഷം ജനുവരിയില്‍ ഓക്സൻസ് ലാബ് എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ നേതൃത്വത്തില്‍ മാടശ്ശേരി മലയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും നിലവില്‍ കാലാവസ്ഥാ പ്രവചനത്തിനുള്ള ഡാറ്റകള്‍ ശേഖരിക്കുന്നുണ്ട്.ഇനി മണ്ണ് പരിശോധന പൂർത്തിയാക്കിയ ശേഷം 15 മുതല്‍ 20 മീറ്റർ വരെ ആഴത്തില്‍ കുഴിച്ചാണ് സെൻസറുകള്‍ സ്ഥാപിക്കുക. ഐ.ഐ.ടി റൂർക്കിയുടെ നേതൃത്വത്തില്‍ മലയുടെ മുകളില്‍ നിന്ന് താഴോട്ടായി 8 പോയിന്റുകളിലാണ് ഈ സെൻസറുകള്‍ സ്ഥാപിക്കുക. മണ്ണിന്റെ ചലനം, ഈർപ്പം, സമ്മർദ്ദം തുടങ്ങിയവ ഇതിലൂടെ നിരീക്ഷിക്കും.മാടശ്ശേരി മലയില്‍ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് സമാന ഘടനയുള്ള സമീപ പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യതയും വിലയിരുത്താൻ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. സെൻസറുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ഒരു ഏകീകൃത പോർട്ടല്‍ വഴി മഴവിവരങ്ങളും മണ്ണിടിച്ചില്‍ മുന്നറിയിപ്പും ശാസ്ത്രീയമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.ഈ പൈലറ്റ് പദ്ധതി വിജയിച്ചാല്‍ വയനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
മണ്ണിടിച്ചില്‍ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ മാടശ്ശേരി മലയില്‍ നൂതന സംവിധാനം
Alakode News
0
Post a Comment