കൊച്ചി: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കടത്തിയ 94.032 ഗ്രാം എം.ഡി.എം.എയുമായി യുവതിയും കാമുകനും എക്സൈസിന്റെ പിടിയിലായി.എറണാകുളം സൗത്തിലെ ലോഡ്ജില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് 65.27 ഗ്രാം രാസലഹരിയുമായി കാമുകനെ പിടികൂടിയത്. ബാക്കി 28.76 ഗ്രാം രാസലഹരി ആലപ്പുഴയിലെ വീട്ടില്‍ ഭദ്രമായി ഒളിപ്പിച്ച് തിരിച്ചെത്തിയപ്പോഴാണ് യുവതി അറസ്റ്റിലായത്. ഇതോടെ നാല് കൊല്ലത്തെ 'കൂട്ടുകച്ചവട'ത്തിന് എക്സൈസ് കൂച്ചുവിലങ്ങിട്ടു.
ഹോംനേഴ്സ് അമ്പലപ്പുഴ പുതവുല്‍ കോമനവീട്ടില്‍ എസ്. സരിത (39), ഇന്റീരിയർ ഡെക്കറേഷൻ തൊഴിലാളി ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (29) എന്നിവരാണ് പിടിയിലായത്. വിവാഹമോചിതയായ സരിതയും മുഹമ്മദ് ഷാഫിയും നാലു കൊല്ലമായി അടുപ്പത്തിലാണ്. ആലപ്പുഴയിലും രണ്ട് മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ഷാഫി.
മയക്കുമരുന്ന് കടത്ത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്
ബംഗളൂരുവില്‍ നേരിട്ടെത്തിയാണ് രാസലഹരി വാങ്ങുന്നത്. ഇത്തവണ 100 ഗ്രാം എം.ഡി.എം.എയുമായിട്ടായിരുന്നു വരവ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തുന്നത് സരിതയാണ്. ട്രെയിനൊഴിവാക്കി ടൂറിസ്റ്റ് ബസുകളിലാണ് കേരളത്തിലേക്ക് യാത്ര. മൂന്ന് തവണ ബസ് മാറിക്കയറും. ഇത്തവണ കാമുകനൊപ്പം ബംഗളൂരുവില്‍ നിന്ന് വരുംവഴി കണ്ണൂർ ഇരിട്ടി ഭാഗത്ത് പൊലീസിന്റെ വാഹനപരിശോധനക്കിടെ ബസില്‍ നിന്ന് ഇറങ്ങിയ സരിത മറ്റൊരു ടൂറിസ്റ്റ് ബസിലാണ് കൊച്ചിയിലെത്തിയത്.
Post a Comment