തലശ്ശേരി: കണ്ണൂർ ജില്ലയിലെ തലശ്ശേരിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വൻ എംഡിഎംഎ വേട്ട. 185 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി സ്വദേശി മുഹമ്മദ് സമീലിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ജില്ലയില്‍ സമീപകാലത്ത് നടന്ന പ്രധാന ലഹരിവേട്ടകളിലൊന്നായാണ് ഈ പിടിച്ചെടുക്കല്‍ വിലയിരുത്തപ്പെടുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വില്‍പ്പനയ്ക്കായി പ്രത്യേകം തയ്യാറാക്കിയ രീതിയില്‍ മിഠായി കടലാസുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പരിശോധന പ്രതിയുടെ വീട്ടിലേക്കും വ്യാപിപ്പിച്ചപ്പോള്‍ കൂളറിനുള്ളില്‍ ഒളിപ്പിച്ച നിലയിലും എംഡിഎംഎ കണ്ടെത്തി.
ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചത്, ആർക്കൊക്കെ വിതരണം ചെയ്തിരുന്നു, ഇതിന് പിന്നില്‍ പ്രവർത്തിക്കുന്ന സംഘത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. പിടിച്ചെടുത്ത എംഡിഎംഎയും മറ്റ് തെളിവുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു.
Post a Comment