ദുരന്തത്തിനിരയായ നാലുപേരും ജോലിക്കുകയറിയത് രണ്ടുമാസംമുമ്പ്, അപകടസ്ഥലത്ത് ചിതറി വിവാഹത്തിന് വാങ്ങിയ പുത്തൻ വസ്ത്രങ്ങള്‍


കണ്ണൂർ: വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ശേഷിക്കെയാണ് കണ്ണൂർ കൂടാളി കുംഭം റോഡില്‍ നാലുപേരെ മരണം തട്ടിയെടുത്തത്.
യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഒരാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കണ്ണൂർ അലവില്‍ കോളനി ഗേറ്റ് മന്നത്തില്‍ മൊയ്തീന്റെ മകൻ ഷാൻ ബംഗളൂരുവില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയത്. ഇന്നും നാളെയുമായിട്ടാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് ധരിക്കാനുള്ള പുത്തൻ വസ്ത്രങ്ങളും ഇവർ കരുതിയിരുന്നു.അപകടസ്ഥലത്ത് ഈ പുത്തൻ വസ്ത്രങ്ങള്‍ ചിതറിക്കിടക്കുന്നത് നൊമ്പരക്കാഴ്ചയായി. പഠനം പൂർത്തിയാക്കി രണ്ടുമാസം മുമ്പാണ് ഷാനും സുത്തൃത്തുക്കളും ബംഗളൂരുവിലെ വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ചത്.

രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. റോഡുവക്കിലെ തണല്‍മരത്തില്‍ ഇടിച്ചുകയറിയ കാർ നിശേഷം തകർന്നു. ഇടിയുടെ ആഘാതത്തില്‍ കൂറ്റൻ മരത്തിന്റെ തൊലി ഉരിഞ്ഞുപോയി. പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മട്ടന്നൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. നിറയെ വളവുകളുള്ളതിനാല്‍ കൂടാളി കുംഭം റോഡ് സ്ഥിരം അപകടക്കെണിയാണ്. അപകടമൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.

Post a Comment

Previous Post Next Post