കണ്ണൂർ: ബിസ്‌കറ്റിന്റെ അളവില്‍ കൃത്രിമം കാണിച്ചതിന് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്റെ നിർണായക വിധി.നൂറ്റമ്പത് ഗ്രാമിന്റെ ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാമിന്റെ കുറവ് കണ്ടെത്തിയ സംഭവത്തിലാണ് നിർമ്മാതാക്കളായ പാർലെ ബിസ്‌കറ്റ് കമ്പനിക്കും വില്‍പ്പന നടത്തിയ മെട്രോ ഹൈപ്പർ മാർക്കറ്റിനുമെതിരെ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പരാതിക്കാരനായ അഞ്ചരക്കണ്ടി കല്ലായിയിലെ ടി.പി.ആസിഖ് അരലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്.
കമ്മിഷൻ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു,കെ.പി.സജീഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.2024 ജൂലായ് 26-ന് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പർ മാർക്കറ്റില്‍ നിന്ന് ആസിഖ് വാങ്ങിയ പാർലെ 20-20 ബിസ്‌കറ്റ് പാക്കറ്റിന്റെ തൂക്കം 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആസിഖ് കമ്മീഷനെ സമീപിച്ചത്. റിപ്പോർട്ടില്‍ ബിസ്‌കറ്റ് പാക്കറ്റിന്റെ ഭാരം പ്രഖ്യാപിച്ച അളവിനേക്കാള്‍ കുറവാണെന്ന് ലീഗല്‍ മെട്രോളജി വകുപ്പും സാക്ഷ്യപ്പെടുത്തിയിരുന്നു.
പരാതിക്കാരൻ ഹാജരാക്കിയ പാക്കറ്റ് തങ്ങളുടേതല്ലെന്ന് പാർലെ വാദിച്ചെങ്കിലും മെട്രോ ഹൈപ്പർ മാർക്കറ്റ് കമ്പനിയുടെ വാദത്തെ നിഷേധിച്ചു.തൂക്കക്കുറവിന്റെ ഉത്തരവാദിത്വം നിർമ്മാതാവിനാണെന്നും ഹൈപ്പർ മാർക്കറ്റ് വാദിച്ചു.
പാർലെ ബിസ്‌കറ്റ് കമ്പനി 25,000 രൂപയും മെട്രോ ഹൈപ്പർ മാർക്കറ്റ് 10,000 രൂപയും ചേർത്ത് 35,000 രൂപ നഷ്ടപരിഹാരവും കേസിന്റെ ചിലവിലേക്ക് പാർലെ കമ്പനി 10,000 രൂപയും മെട്രോ ഹൈപ്പർ മാർക്കറ്റ് 5,000 രൂപയും ചേർത്ത് 15,000 രൂപ പരാതിക്കാരന് നല്‍കാനാണ് കമ്മീഷൻ ഉത്തരവ്.ഒരു മാസത്തിനകം തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 35,000 രൂപ നഷ്ടപരിഹാര തുകയ്ക്ക് ഉത്തരവ് തീയതി മുതല്‍ വാർഷിക 12 ശതമാനം പലിശ നല്‍കേണ്ടിവരും. പരാതിക്കാരന് വേണ്ടി അഡ്വ.കെ.പി.മുഹമ്മദ് സിനാൻ ഹാജരായി.
Post a Comment