കണ്ണൂരില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പരിശോധന; 1299 സ്ഥാപനങ്ങള്‍ പരിശോധിച്ചു, 20 എണ്ണത്തിന് നോട്ടീസ്


കണ്ണൂർ: ജില്ലയില്‍ ഭക്ഷ്യ-ജലജന്യ പകർച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ 20 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ 1299 സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്.637 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 527 അങ്കണവാടികളിലും അനാഥ മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, മദ്രസകള്‍, ഹോസ്റ്റലുകള്‍ എന്നിവ ഉള്‍പ്പെടെ 135 സ്ഥാപനങ്ങളിലും ഭക്ഷ്യ ശുചിത്വമാണ് പ്രധാനമായും പരിശോധിച്ചത്.
പൊതുജനാരോഗ്യ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത 20 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. പുകവലി നിരോധിത ബോർഡുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കോട്ട്പ ആക്‌ട് പ്രകാരം പിഴയും ഈടാക്കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡ്, ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസർ, ഹെല്‍ത്ത് സൂപ്പർവൈസർ, ഹെല്‍ത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post