ഒരുവയസ്സുള്ള ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം; ഒരു കുഞ്ഞിന്റെ ശരീരത്തില്‍ വിഷാംശം, പിതാവ് കസ്റ്റഡിയില്‍

 


അടിമാലിയില്‍ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചതിന് പിന്നാലെ ദുരൂഹത; ഒരു കുഞ്ഞിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്.

അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടില്‍ അഫ്‌സല്‍-സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാനും ഇഹാനുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ വീട്ടില്‍ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായും തിന്നർ ഉള്ളില്‍ ചെന്നതായി സംശയിക്കുന്നതായും പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പിതാവിന്റെ മൊഴിയില്‍ വൈരുധ്യമുള്ളതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചത്. താലൂക്ക് ആശുപത്രിയില്‍ എത്തിക്കും മുൻപേ ഒരു കുഞ്ഞ് മരിച്ചു. രണ്ടാമത്തെ കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്.

മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ രണ്ടും ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ശരീരത്തില്‍ വിഷാംശം എങ്ങനെ എത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. തിന്നർ ഉള്ളില്‍ ചെന്നെന്ന പിതാവിന്റെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.


Post a Comment

Previous Post Next Post