സംസ്ഥാനത്ത് ചൂട് കൂടുന്നു; സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കാൻ നിര്‍ദ്ദേശം, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ ചൂട് ഏല്‍ക്കരുതെന്ന് മുന്നറിയിപ്പ്

 


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.കേരളത്തില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.


കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്.പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.

കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.അങ്കണവാടി കുട്ടികള്‍ക്ക് ചൂട് എല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപന അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പു രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (113) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അവര്‍ക്കു ചൂട് ഏല്‍ക്കാത്ത രീതിയില്‍ വസ്ത്രം ധരിക്കാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കുകയും, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാന്‍ അനുവാദം നല്‍കുകയും വേണം.

Post a Comment

Previous Post Next Post