തളിപ്പറമ്പ്: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തളിപ്പറമ്പ് മണ്ഡലത്തിൽ പ്രഖ്യാപിച്ച സഫാരി പാർക്ക് പദ്ധതിയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചതായി ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അറിയിച്ചു.
ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ നിർദേശപ്രകാരം മന്ത്രി ഒ.ജെ. ജെനീഷിന്റെ നേതൃത്വത്തിൽ ഒക്ടോബർ ഒന്നിന് കണ്ണൂരിൽ യോഗം ചേരുമെന്നും എം.എൽ.എ അറിയിച്ചു.
പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി പുതിയ സമിതിയെ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.
തളിപ്പറമ്പ്–ആലക്കോട് സംസ്ഥാനപാതയിലെ നാടുകാണിയിൽ 252.8 ഏക്കർ ഭൂമിയിലാണ് മൃഗശാലയും സഫാരി പാർക്കും ഒരുക്കാൻ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുണ്ടായിരുന്ന ഭൂമി മൃഗശാല വകുപ്പിന് ലഭിച്ചതായും എം.എൽ.എ അറിയിച്ചു.
കേരളത്തിൽ തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ മൃഗശാലകൾ നിലവിലുണ്ടെങ്കിലും സംസ്ഥാനത്ത് സഫാരി പാർക്ക് നിലവിലില്ലെന്നാണ് ടി.കെ. ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടിയത്. മലബാർ മേഖലയിൽ സഫാരി പാർക്ക് യാഥാർഥ്യമാകുന്നത് ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 300 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Post a Comment