പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമം; കാസർകോട്ട് കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ **വാർത്ത (



കാസർകോട്:കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ യുവാവും യുവതിയും പൊലീസിന്റെ പിടിയിലായി. ചട്ടഞ്ചാൽ എയ്യള സ്വദേശി മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തസ്‌ലിം ഫർസാന (24) എന്നിവരെയാണ് വിദ്യാനഗർ എസ്.ഐ വിജയൻ മേലത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ലഹരിവേട്ടയ്ക്കായുള്ള 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച രാത്രി 7.45-ഓടെ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ചെർക്കള മേൽപ്പാലത്തിന് സമീപം പൊലീസിനെ കണ്ടതോടെ കാർ വെട്ടിത്തിരിച്ച് അമിതവേഗത്തിൽ കാസർകോട് ഭാഗത്തേക്ക് തന്നെ ഇവർ ഓടിച്ചുപോവുകയായിരുന്നു. സംശയം തോന്നിയ പൊലീസ് സംഘം കാറിനെ പിന്തുടർന്ന് വാഹനം തടയുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതികൾ സഞ്ചരിച്ച കാറിൽ ഇവർക്ക് പുറമെ ഒരു കുട്ടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടത്തിയ ദേഹപരിശോധനയിൽ മുഹമ്മദ് ഫൈസലിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതികൾ ഉപയോഗിച്ച കാറും മൂന്ന് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വിദ്യാനഗർ എസ്.ഐക്ക് പുറമെ എസ്.ഐ കെ.വി ജഗദീശൻ, എ.എസ്.ഐ പ്രദീപ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജീഷ്, സി.പി.ഒ സന്ധ്യ, പൊലീസ് ഡ്രൈവർ സുരേഷ്‌ബാബു എന്നിവരടങ്ങിയ സംഘമാണ് ലഹരിക്കടത്ത് പിടികൂടിയത്.



Post a Comment

Previous Post Next Post