കരുവഞ്ചാൽ: കരുവഞ്ചാൽ - കണിയാൻചാൽ റോഡരികിൽ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി വളർന്നുനിന്ന കാട്ടുപൊന്തകൾ വെട്ടിമാറ്റി തുടങ്ങി. റോഡരികിലെ കാടുമൂടിയ അവസ്ഥയും കാൽനടയാത്രക്കാരുടെ ദുരിതവും ചൂണ്ടിക്കാട്ടി 'ആലക്കോട് ന്യൂസ്' വാർത്ത നൽകിയതിനെത്തുടർന്നാണ് നടപടി.
വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ ജനങ്ങളുടെ യാത്രാദുരിതം മനസ്സിലാക്കി കണിയാൻചാൽ ഭാഗത്തെ റോഡരികിലെ കാട് വെട്ടിമാറ്റി വഴി സുരക്ഷിതമാക്കാൻ മുന്നിട്ടിറങ്ങിയവർക്ക് 'ആലക്കോട് ന്യൂസി'ന്റെയും നാട്ടുകാരുടെയും നന്ദി.
* ഹോസ്പിറ്റലിന് തൊട്ടടുത്തും കാട്: കണിയാൻചാൽ ഭാഗത്തെ കാട് വെട്ടിമാറ്റിയെങ്കിലും, കരുവഞ്ചാൽ ഹോസ്പിറ്റലിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഇനിയും കാട് നീക്കം ചെയ്യാനുണ്ട്. സ്കൂൾ വിദ്യാർത്ഥികളും പ്രദേശവാസികളും കാൽനടയായി ഏറെ ആശ്രയിക്കുന്ന ഭാഗമാണിത്.
* വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ദുരിതം: ആശുപത്രിക്ക് സമീപത്തെ ഭാഗങ്ങളിൽ കാട് റോഡിലേക്ക് തള്ളിനിൽക്കുന്നത് വിദ്യാർത്ഥികൾക്കും മറ്റ് കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ സുരക്ഷിതമായി വശങ്ങളിലേക്ക് മാറിനിൽക്കാൻ പോലും ഇവിടെ സ്ഥലമില്ലാത്ത അവസ്ഥയാണ്.
കണിയാൻചാൽ ഭാഗത്തെ കാട് നീക്കം ചെയ്ത മാതൃകാപരമായ പ്രവർത്തനത്തിന്റെ തുടർച്ചയായി, കരുവഞ്ചാൽ ഹോസ്പിറ്റലിനോട് ചേർന്നുകിടക്കുന്ന ഭാഗത്തെ കാടുകൾകൂടി അടിയന്തരമായി വെട്ടിമാറ്റി പൂർണ്ണമായും വഴി സുരക്ഷിതമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് 'ആലക്കോട് ന്യൂസ്' ആവശ്യപ്പെടുന്നു.

Post a Comment