കുടിയാൻമല ചാത്തമലയിൽ ആടിനെ കൊന്നുതിന്ന അജ്ഞാത ജീവിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു; പ്രദേശത്ത് പുലിപ്പേടി

 


നടുവിൽ: എരുവേശി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെടുന്ന കുടിയാൻമലയ്ക്ക് സമീപമുള്ള ചാത്തമലയിൽ അജ്ഞാത ജീവിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരു ആടിനെ അജ്ഞാത ജീവി കൊന്ന് തിന്നിരുന്നു. ചാത്തമല സ്വദേശി കോട്ടിയിൽ വിനോദിന്റെ ആടിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്.

കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കടിച്ചു കീറി പകുതി ഭക്ഷിച്ച നിലയിൽ ജഡം കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ ഇവിടെ ക്യാമറകൾ സ്ഥാപിക്കുകയും ആടിന്റെ ബാക്കി വന്ന ശരീരാവശിഷ്ടങ്ങൾ അവിടെത്തന്നെ വെക്കുകയും ചെയ്തിരുന്നു. പിറ്റേ ദിവസം രാവിലെ പരിശോധിച്ചപ്പോൾ ബാക്കി ഭാഗം കൂടി അജ്ഞാത ജീവി വന്ന് ഭക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇന്നലെ വൈകുന്നേരത്തോടെ ജീവിയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

പാലക്കയം തട്ടിനടുത്ത് പുല്ലം വനത്തിൽ ഒരു ടാപ്പിംഗ് തൊഴിലാളി കരിമ്പുലിയെ കണ്ടതായി പറഞ്ഞ അതേ ദിവസം തന്നെയാണ്, കുറച്ചു കിലോമീറ്ററുകൾക്കപ്പുറം ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനടുത്തുള്ള ചാത്തമലയിലും അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്. ഇത് പുലിയാണോ എന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.

എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് പരത്തിനാലിൽ, വാർഡ് മെമ്പർ നിഷാ സോജൻ, തളിപ്പറമ്പ് ഡിവൈഎസ്പി ടി.പി സുമേഷ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ, ഫോറസ്റ്റർ രഞ്ജിത്ത്, സിപിഎം കുടിയാൻമല ലോക്കൽ സെക്രട്ടറി രതീഷ് ബാബു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post