കണ്ണൂർ : കണ്ണൂർ നഗരത്തില്‍ അനധികൃതമായി താമസം തുടരുന്ന വിദേശികള്‍ക്കായി അന്വേഷണം ശക്തമാക്കി ടൗണ്‍ പൊലിസ്.മതിയായ യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ച് കണ്ണൂരില്‍ താമസിച്ച് വന്ന മൂന്ന് ബംഗ്ലാദേശ് വനിതകളെ കൂടി കണ്ണൂർ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.ബംഗ്ലാദേശ് സ്വദേശിനികളായ ജമാല്‍പൂരിലെ നസ്മ അക്തർ (40),ഖുല്‍നയിലെ തസ്ലീമ ഖാത്തൂണ്‍ (25), ഖുല്‍നയിലെ മോയ്ന ഖാത്തൂണ്‍ (29), എന്നിവരെയാണ് കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ടി.കെ. അഖിലും സംഘവും താമസ സ്ഥലത്തു നിന്നും പിടികൂടിയത്.
കണ്ണൂരിലെ ഒരു സ്പായില്‍ ജോലി ചെയ്തു വരുന്ന യുവതികള്‍ കക്കാട് ഒണ്ടേൻ പറമ്പിന് സമീപത്തെ ഫർസീൻ വാടക ക്വാർട്ടേഴ്സിലാണ് താമസിച്ചു വന്നത്. കണ്ണൂരിലെ ആയുഷ് സ്പാ നടത്തുന്ന ബെപിൻ എന്നയാള്‍ക്ക് വാടകക്ക് നല്‍കിയ സ്ഥലത്താണ് പിടിയിലായ ബംഗ്ലാദേശി യുവതികള്‍ താമസിച്ചു വന്നത്. ഇന്ത്യയിലേക്കുള്ള പാസ്പോർട്ടോ വിസയോ ഇല്ലാതെ അനധികൃതമായി താമസിച്ചുവരികയാണെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി.
ബംഗ്ളാദേശി യുവതികള്‍ എങ്ങനെയാണ് രാജ്യാതിർത്തി കടന്നുവന്നതെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. ഇവർ ശമ്പള വേതന അടിസ്ഥാനത്തിലാണ് സ്ഥാപനത്തില്‍ ജോലി ചെയ്തുവന്നിരുന്നത്. സി.പി.ഒ മാരായ സനൂപ്,വിജിന, ബാലാമണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കണ്ണൂരിലെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു റെയ്ഡ് ശക്തമാക്കുമെന്ന് അറിയിച്ചു .
Post a Comment