കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ സിപ്പ് ലൈനില്‍ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും കുടുംബവും.ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് കഴിഞ്ഞ ദിവസം റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്പ് ലൈനില്‍ നിന്ന് വീണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച (സെപ്റ്റംബർ 5) വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തം സംഭവിച്ചത്.
വിനോദസഞ്ചാരികളെ സിപ്പ് ലൈനില്‍ കയറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. സഞ്ചാരികളെ കയറ്റുന്നതിനിടയില്‍ കേബിള്‍ കുരുങ്ങിയതിനെ തുടർന്ന് സിപ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ജോലില്‍ കയറി വെറും രണ്ടാം ദിവസമാണ് സനൂപിന്റെ ദാരുണ വിയോഗം എന്നത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് (സെപ്റ്റംബർ 4) സനൂപ് റാണിപുരത്ത് സിപ്പ് ലൈൻ ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചികിത്സയ്ക്കിടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post a Comment