കഠ്‌മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയമുണ്ടായി ഒൻപത് ദിവസം പിന്നിടുന്നതിനിടെ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി.
റസുവ ജില്ലയിലെ തൃശൂലിലുള്ള ഹൈഡ്രോ പവർ പ്രോജക്‌ടിന്റെ തുരങ്കത്തിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. തുരങ്കത്തിന്റെ ഉള്ളില്‍ നിന്ന് കൂടുതല്‍ പേരുടെ ശബ്ദം കേട്ടതായി രക്ഷാസംഘങ്ങള്‍ പറഞ്ഞു.
ഓഗസ്റ്റ് 26ലെ പ്രളയത്തിനുശേഷം തൃശൂലി തുരങ്കത്തില്‍ നിന്ന് 40 പേരെയാണ് കാണാതായത്. കബീർ മഹർജൻ (30), സഞ്ചയ് ഷാ (45) എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി സുദൻ ഗുരുംഗ് അറിയിച്ചു. നേപ്പാള്‍ ഇലക്‌ട്രിസിറ്റി അതോറിറ്റിയിലെ മെക്കാനിക്കല്‍ ഫോർമാൻ ആണ് സഞ്ചയ്. കബീർ പ്രോജക്‌ട് സൂപ്പർവൈസറാണ്. അതേസമയം, രാജ്യത്തെ ആറ് ഹൈഡ്രോ പവർ പ്ളാന്റുകളില്‍ നിന്ന് കാണാതായവരുടെ എണ്ണം 900 ആണ്.
തുരങ്കത്തിന്റെ ഉള്ളില്‍ നിന്ന് കൂടുതല്‍ ശബ്ദങ്ങള്‍ കേട്ടതായി രക്ഷാസംഘം അറിയിച്ചതായി തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തില്‍ പങ്കാളിയായ എഞ്ചിനീയർ ശ്രീറാം നീപാൻ പറഞ്ഞു. പരിഭ്രാന്തരാകരുത്, ഞങ്ങള്‍ നിങ്ങളെ രക്ഷപ്പെടുത്തുമെന്ന് പറഞ്ഞപ്പോള്‍ തുരങ്കത്തിനുള്ളില്‍ നിന്ന് പ്രതികരണം ലഭിച്ചതായും സംഘം വെളിപ്പെടുത്തിയെന്നും ശ്രീറാം വ്യക്തമാക്കി. നേപ്പാള്‍ സൈന്യവും പൊലീസും രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണെന്നും സന്തോഷവാർത്ത ഉടൻ കേള്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment