പാകിസ്ഥാൻ നിര്‍മിത സൗന്ദര്യവര്‍ദ്ധക ക്രീമുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്: ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്


ഡല്‍ഹി: പാകിസ്ഥാൻ നിർമിത സൗന്ദര്യവർദ്ധക ക്രീമുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇന്ത്യ. അമിത അളവില്‍ ഘനലോഹങ്ങള്‍ ഈ ക്രീമുകളില്‍ കണ്ടെത്തിയതായും ഇവയുടെ ഉപയോഗം ശരീരത്തില്‍ കടുത്ത വിഷാംശം പടരാനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് സെൻട്രല്‍ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്‍ട്രോള്‍ ഓർഗനൈസേഷന്റെ മുന്നറിയിപ്പ്.വെളുക്കാനുള്ളതെന്ന പേരില്‍ ഇന്ത്യൻ വിപണികളില്‍ വിറ്റഴിക്കുന്ന ചാന്ദ്നി വൈറ്റ്നിംഗ് ക്രീം, ഗോറി ബ്യൂട്ടി ക്രീം എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ്. ഇന്ത്യൻ ഡ്രഗ് ആൻഡ് കോസ്‌മെറ്റിക്സ് നിയമപ്രകാരം വിപണിയിലെത്തുന്ന സൗന്ദര്യവർദ്ധക ഉല്‍പ്പന്നങ്ങള്‍ പൂർണമായും സുരക്ഷിതമായിരിക്കണം. ഉല്‍പ്പന്നങ്ങളുടെ നിർമാണത്തിലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര-സംസ്ഥാന ലൈസൻസിംഗ് അതോറിറ്റികളില്‍ നിന്നുള്ള കൃത്യമായ അനുമതിയും രജിസ്ട്രേഷനും നിർബന്ധമാണ്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരം ഇവ പാലിച്ചിരിക്കണം. ഇത്തരത്തില്‍ അല്ലാതെ അനധികൃതമായി വിപണിയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ യാതൊരു കാരണവശാലും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശിക്കുന്നു.

Post a Comment

Previous Post Next Post