വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 7 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കവർന്ന സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ ഒളിവിൽ പോയ ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ബത്തേരി ഡിവൈഎസ്‌പി ശുപാർശ ചെയ്തിരുന്നു.
സ്റ്റേഷന്റെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് മോഷണം പോയത്. കഴിഞ്ഞ പത്താം തീയതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള പുകയില ശേഖരം കാണാതായ വിവരം വ്യക്തമായത്. മുറി തകർക്കാതെ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയതെന്ന് വ്യക്തമായതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥരിലേക്ക് തന്നെ അന്വേഷണം നീളുകയായിരുന്നു.
കഴിഞ്ഞ ജൂൺ 7-ന് ബത്തേരി ദൊട്ടപ്പകുളത്തുനിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ജൂൺ 26-ന് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർ നടപടികൾക്കായി ഇവ സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിലേക്ക് മാറ്റി. തുടർന്ന് ജൂലൈ 18-ന് ജനറൽ ഡയറി (GD) ചാർജിലായിരുന്ന സബിത്ത് അർധരാത്രി 12 മണിക്ക് ശേഷം സ്വന്തം കാറിലെത്തി ഏഴ് ചാക്ക് ഹാൻസ് കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ഓണാവധിക്ക് പിന്നാലെ മെഡിക്കൽ ലീവെടുത്ത സബിത്ത് നിലവിൽ ഒളിവിലാണ്. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ 'ഓപ്പറേഷൻ തൂഫാൻ' അടക്കമുള്ള ശക്തമായ നടപടികൾ നടപ്പിലാക്കുന്നതിനിടെ സ്വന്തം സേനയിൽ നിന്നുണ്ടായ ഈ സംഭവം പൊലീസിന് വലിയ നാണക്കേടായിട്ടുണ്ട്.

Post a Comment