കോഴിക്കോട്| ആറുവരി ദേശീയപാതയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് തെറ്റായ ദിശയില്‍ ബസ് ഓടിച്ച സംഭവത്തില്‍ സ്വകാര്യ ബസ് 'കൃതിക'യ്ക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി.ബസിന് 7,500 രൂപ പിഴ ചുമത്തിയതിന് പുറമെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഡ്രൈവർ എടപ്പാളിലെ മോട്ടോർ വാഹന പരിശീലന കേന്ദ്രത്തില്‍ നിർബന്ധിത പരിശീലനം പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കോഴിക്കോട്-കണ്ണൂർ റൂട്ടില്‍ സർവീസ് നടത്തുന്ന കൃതിക ബസ് കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയില്‍ അപകടകരമായ രീതിയില്‍ ഓടിച്ചത്. തിരക്കേറിയ ആറുവരി പാതയില്‍ തെറ്റായ ദിശയില്‍ ഏകദേശം അഞ്ച് കിലോമീറ്ററോളം ബസ് സഞ്ചരിച്ചതായാണ് കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
കൃതിക ബസിനെതിരെ നേരത്തെയും പരാതിയുയർന്നിരുന്നു. കഴിഞ്ഞയാഴ്ച പയ്യോളിയില്‍ ഇറങ്ങേണ്ട യാത്രക്കാരിയെ സർവീസ് റോഡിലെ ബസ് സ്റ്റോപ്പില്‍ ഇറക്കാതെ ഉയരപ്പാതയില്‍ ഇറക്കിവിട്ടതായിരുന്നു സംഭവം. രാത്രിയില്‍ ആറുവരി പാതയില്‍ ഇറക്കപ്പെട്ട യാത്രക്കാരിയെ നാട്ടുകാർ കോണി ഉപയോഗിച്ചാണ് പിന്നീട് താഴെയിറക്കിയത്.
Post a Comment