പാപ്പിനിശ്ശേരി: റോഡിലെ കുണ്ടും കുഴിയും കാരണം പതിവായി ഗതാഗതക്കുരുക്കുണ്ടാകുന്ന വളപട്ടണം പാലത്തില് കെ.എസ്.ആര്.ടി.സി ബസ് യന്ത്രത്തകരാറിനെ തുടര്ന്ന് കുടുങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി.പാലത്തിനു നടുവില് ബസ് നിന്നതോടെ നാലു മണിക്കൂറോളം ഇരുഭാഗത്തും വാഹനങ്ങള് കുരുങ്ങി.
രാവിലെ 8.30ന് കണ്ണൂര് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസാണ് തകരാറിലായത്. ബസ് പാലത്തില് കിടന്നതോടെ പാപ്പിനിശ്ശേരി ഭാഗത്തും വളപട്ടണം ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാന് ശ്രമിച്ചെങ്കിലും പൂര്ണമായും താറുമാറായ ഗതാഗതം ഉടന് പുനഃസ്ഥാപിക്കാനായില്ല. ഗതാഗതനിയന്ത്രണം ലംഘിച്ച് വാഹനങ്ങള് കടന്നുവന്നതും കുരുക്ക് രൂക്ഷമാക്കി.
പള്ളിക്കുളം മുതല് വേളാപുരം വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില് നിന്നെത്തിയ വാഹനങ്ങള്ക്ക് ചുങ്കം വഴി ദേശീയപാതയിലേക്ക് പ്രവേശിക്കാനും കഴിഞ്ഞില്ല. വിദ്യാര്ഥികളും ജോലിക്ക് പോകുന്നവരുമാണ് ഗതാഗതക്കുരുക്കില് ഏറെ വലഞ്ഞത്. ചിലയിടങ്ങളില് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
Post a Comment