പ്രമുഖ ഭക്ഷ്യോല്പന്ന നിർമ്മാതാക്കളായ നെസ്‌ലെ ഇന്ത്യ ലിമിറ്റഡിനെതിരെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) നിയമനടപടികള്‍ ആരംഭിച്ചു.കമ്പനിയുടെ മൂന്ന് ശിശു പോഷകാഹാര ഉല്പന്നങ്ങളില്‍ നിയമലംഘനവും പോഷകക്കുറവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നെസ്‌ലെയുടെ ജനപ്രിയ ബ്രാൻഡുകളായ നാൻ എക്സെല്ല പ്രോ സ്റ്റേജ്1, ലാക്ടോജൻ പ്രോ1, കമ്പനിയുടെ മറ്റൊരു ഫോളോ അപ്പ് ഫോർമുല എന്നിവയ്ക്ക് എതിരെയാണ് എഫ്‌എസ്‌എസ്‌എഐ നോട്ടീസ് പുറപ്പെടുവിച്ചത്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഉല്പന്നങ്ങളിലാണ് ഇത്തരമൊരു സുരക്ഷാവീഴ്ച കണ്ടെത്തിയിരിക്കുന്നത്. വിവിധ ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഈ ഉല്പന്നങ്ങളുടെ പരസ്യങ്ങളും അവകാശവാദങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് അതോറിട്ടി കർശന നടപടിയിലേക്ക് കടന്നത്. പരസ്യ ലംഘനങ്ങള്‍ക്ക് രണ്ടും ഗുണനിലവാരമില്ലായ്മയ്ക്ക് ഒന്നും ഉള്‍പ്പെടെ മൂന്ന് പ്രത്യേക കേസുകളാണ് നിലവില്‍ നെസ്‌ലെ ഇന്ത്യക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്.
നിയമപരമായ അഡ്ജുഡിക്കേഷൻ പ്രക്രിയ പൂർത്തിയായ ശേഷമായിരിക്കും അതോറിട്ടി കമ്പനിക്കെതിരായ അന്തിമ ശിക്ഷാനടപടികള്‍ പ്രഖ്യാപിക്കുക. നാൻ എക്സെല്ല പ്രോ സ്റ്റേജ്-1 എന്ന ഉല്പന്നത്തിന്റെ പരസ്യങ്ങളില്‍ അഞ്ച് എച്ച്‌എംഒ, വേ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ടെന്ന അവകാശവാദങ്ങളും ലാക്ടോജൻ പ്രോ-1 എന്നതില്‍ വേ പ്രോട്ടീൻ എളുപ്പത്തില്‍ ദഹിക്കുന്നതാണെന്ന പ്രചാരണവും എഫ്‌എസ്‌എസ്‌എഐ ചോദ്യം ചെയ്യുന്നു. ഇക്കാര്യത്തില്‍ കമ്പനി നല്‍കിയ വിശദീകരണം ഒട്ടും തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ നെസ്‌ലെയുടെ ഫോളോ അപ്പ് ഫോർമുലയില്‍ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ബയോട്ടിൻ അഥവാ വിറ്റാമിൻ ബി-7 നിശ്ചിത അളവിലും വളരെ കുറവാണെന്ന് ലബോറട്ടറി പരിശോധനകളില്‍ കണ്ടെത്തി. റഫറല്‍ ലബോറട്ടറിയില്‍ നടത്തിയ പുനഃപരിശോധനയിലും ഈ പോഷകക്കുറവ് സ്ഥിരീകരിച്ചു. കുഞ്ഞുങ്ങളുടെ ചർമ്മം, നാഡീവ്യൂഹം, ഉപാപചയ പ്രവർത്തനങ്ങള്‍ എന്നിവയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ബയോട്ടിൻ വളരെ അത്യാവശ്യമാണ്. ഈ പോഷകത്തിന്റെ കുറവ് കുഞ്ഞുങ്ങളില്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
Post a Comment