ഒറ്റ ടിൻ നിബന്ധനയ്ക്ക് വിട; ശബരിമലയില്‍ അരവണ വിതരണ പ്രതിസന്ധിക്ക് പരിഹാരം; ഇനിമുതല്‍ രണ്ട് ടിൻ അരവണ ഉറപ്പ്


പത്തനംതിട്ട:  ശബരിമലയില്‍ ഭക്തർക്ക് ആശ്വാസമായി അരവണ വിതരണത്തിലെ നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി അധികൃതർ.നിലവില്‍ ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നല്‍കിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ദർശനത്തിനെത്തിയ തീർത്ഥാടകർക്ക് ഒരൊറ്റ ടിൻ അരവണ മാത്രം നല്‍കിയ നടപടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു.
അരവണ വിതരണത്തില്‍ ഏർപ്പെടുത്തിയ ഈ നിയന്ത്രണത്തിനെതിരെ ഭക്തജനങ്ങളില്‍ നിന്നും കടുത്ത എതിർപ്പാണ് ഉണ്ടായത്, സംഭവത്തില്‍ ദേവസ്വം മന്ത്രിയും തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അരവണ നിർമ്മാണ പ്ലാന്റില്‍ നവീകരണ പ്രവർത്തികള്‍ നടന്നു കൊണ്ടിരിക്കുന്നതിനാലാണ് ഈ താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വിശദീകരണം.
കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതോടെ ദിവസേന നാല്‍പതിനായിരത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മണ്ഡലകാല തീർത്ഥാടനത്തിന് ഇനി രണ്ട് മാസം മാത്രം ബാക്കിനില്‍ക്കെ, സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള ഭിന്നതകളും ചർച്ചയാകുന്നുണ്ട്.

Post a Comment

Previous Post Next Post