വ്യാജ അവകാശവാദങ്ങൾ വേണ്ട; ഡോക്ടർമാർക്കും ഇൻഫ്ലുവൻസർമാർക്കും സോഷ്യൽ മീഡിയയിൽ കർശന നിയന്ത്രണങ്ങളുമായി ദുബായ്


 ദുബായ്: രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ കർശന നിയന്ത്രണങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA). ഡോക്ടർമാർ, ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവർക്കുപുറമെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രമോഷൻ നടത്തുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാക്കി.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക്ടോക്, യൂട്യൂബ്, സ്നാപ്ചാറ്റ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഈ മാനദണ്ഡങ്ങൾ ബാധകമാണ്. ഇൻഫ്ലുവൻസർമാർ വ്യക്തിഗത അക്കൗണ്ടുകൾ വഴിയോ മൊബൈൽ ഫോൺ വഴിയോ ഉള്ളടക്കം ചിത്രീകരിച്ചാലും, സ്ഥാപനത്തിന്റെ പേര് പരാമർശിക്കുന്നുണ്ടെങ്കിൽ അതിന് പൂർണ്ണ ഉത്തരവാദിത്തം അതത് ആരോഗ്യ സ്ഥാപനങ്ങൾക്കായിരിക്കും.
നിരോധിച്ച വാക്കുകളും അവകാശവാദങ്ങളും
ചികിത്സകൾക്ക് അമിത ഗ്യാരന്റി നൽകുന്ന തരത്തിലുള്ള വാക്കുകൾ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു:
 * 'അത്ഭുതകരം' (Miraculous), 'മാന്ത്രികം' (Magic), 'നൂറു ശതമാനം ഉറപ്പ്' (100% Guaranteed)
 * 'പാർശ്വഫലങ്ങളില്ല', 'പണം തിരികെ നൽകും', 'പകരമില്ലാത്തത്'
 * 'ഉടനടി ഫലം', 'ഏറ്റവും സുരക്ഷിതമായത്' തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗങ്ങൾ.
കൂടാതെ, മറ്റു ഡോക്ടർമാർക്കോ ആരോഗ്യ സ്ഥാപനങ്ങൾക്കോ എതിരെ തെറ്റായതോ അടിസ്ഥാനരഹിതമായതോ ആയ പ്രചാരണങ്ങൾ നടത്തുന്നതും വിലക്കിയിട്ടുണ്ട്.
വ്യാജ പദവികൾക്ക് വിലക്ക്
ഡിഎച്ച്എ (DHA) ലൈസൻസിൽ വ്യക്തമാക്കിയിട്ടുള്ള പദവികൾ മാത്രമേ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉപയോഗിക്കാൻ പാടുള്ളൂ. 'കോസ്മെറ്റിക് സ്പെഷ്യലിസ്റ്റ്', 'ബ്യൂട്ടി എക്സ്പേർട്ട്', 'ആന്റി ഏജിംഗ് സ്പെഷ്യലിസ്റ്റ്' തുടങ്ങിയ അനൗദ്യോഗിക പദവികൾക്ക് വിലക്കുണ്ട്. അംഗീകൃത എം.ബി.ബി.എസ്/ഡെന്റൽ ബിരുദധാരികൾക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ പിഎച്ച്ഡി ബിരുദമുള്ളവർക്കും മാത്രമേ പേരിനൊപ്പം 'ഡോക്ടർ' (Dr) എന്ന് ഉപയോഗിക്കാൻ അനുമതിയുള്ളൂ.

രോഗികളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും അനുമതി നിർബന്ധം

 * ചികിത്സയ്ക്ക് മുൻപും ശേഷവുമുള്ള (Before & After) ചിത്രങ്ങൾ ഒരേ വ്യക്തിയുടേതും എഡിറ്റ് ചെയ്യാത്തതുമായിരിക്കണം. ഒപ്പം 'വ്യക്തികൾക്കനുസരിച്ച് ഫലത്തിൽ വ്യത്യാസം വരാം' എന്ന മുന്നറിയിപ്പ് നൽകണം.
 * രോഗികളുടെ ചിത്രങ്ങളോ വീഡിയോകളോ ഉപയോഗിക്കുന്നതിന് അവരുടെ രേഖാമൂലമുള്ള അനുമതി നിർബന്ധമാണ് (18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതി വേണം).
 * ഓപ്പറേഷൻ തിയേറ്ററുകളിൽ നിന്നോ സർജറികൾക്കിടയിലോ ഉള്ള ലൈവ് സ്ട്രീമിംഗും പ്രമോഷണൽ ഷൂട്ടിംഗും പൂർണ്ണമായി നിരോധിച്ചു.
രോഗികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും ആരോഗ്യരംഗത്തെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനുമാണ് പുതിയ നടപടിയെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post