തൃശൂർ: തൃശൂർ കയ്‌പമംഗലത്ത് എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നിർണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ എട്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് ഫോറൻസിക് പരിശോധനയില്‍ സ്ഥിരീകരിച്ചു.
കൂടുതല്‍ വിശദ പരിശോധനയ്ക്കായി സാമ്പിളുകള്‍ കാക്കനാട് കെമിക്കല്‍ എക്സാമിനേഷൻ സെന്ററിലേക്ക് അയച്ചിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് മദ്യലഹരിയിലായിരുന്ന സംഘം തളിക്കുളം പത്താംകല്ലില്‍ വെച്ച് നാട്ടുകാരുമായി സംഘർഷമുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വഴിയില്‍ മുറിയെടുക്കാനായി വാഹനം നിർത്തിയപ്പോഴാണ് നാട്ടുകാരുമായി തർക്കമുണ്ടായത്. പിന്നീട് ഈ തർക്കം കൈയാങ്കളിയിലേക്ക് നീളുകയും, ഇതേ തുടർന്ന് നാട്ടുകാർ വാടാനപ്പള്ളി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ സംഘം വാഹനത്തില്‍ കയറി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.
പൊലീസ് പിടികൂടുമെന്ന ഭീതിയില്‍ അമിതവേഗത്തില്‍ കൊച്ചി ഭാഗത്തേക്ക് പായുന്നതിനിടയിലാണ് വാഹനം കയ്പമംഗലത്ത് ദേശീയപാതയില്‍ അനധികൃതമായി നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നില്‍ ഇടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട വാഹനം തളിക്കുളം പത്താംകല്ലില്‍ എത്തിയതും തുടർന്ന് സഞ്ചരിച്ചതുമായ വഴികള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് നിർണായക തെളിവുകളും പൊലീസ് ശേഖരിച്ചുവരികയാണ്. ഇതിനിടെ സംഘം ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. നാട്ടുകാരുമായുണ്ടായ സംഘർഷത്തിന്റെ യഥാർത്ഥ വിവരങ്ങളും, അപകടത്തിലേക്ക് നയിച്ച മറ്റു സാഹചര്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
Post a Comment