നടുവിൽ / ആലക്കോട്: പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ, ഫ്ലെക്സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടിയുമായി ആലക്കോട്, നടുവിൽ ഗ്രാമപഞ്ചായത്തുകൾ രംഗത്ത്. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതുമായ പ്രചാരണ സാമഗ്രികൾക്കെതിരെ ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കാൻ ഇരു പഞ്ചായത്തുകളും തീരുമാനിച്ചു.
റോഡുകൾ, നടപ്പാതകൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലന്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ബോർഡുകളും ബാനറുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ അറിയിച്ചു.
പ്രധാന നടപടികൾ:
* കനത്ത പിഴ: അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും കൊടിതോരണങ്ങൾക്കും ₹5,000/- (അയ്യായിരം രൂപ) വീതം പിഴ ഈടാക്കും.
* പോലീസ് കേസും പ്രോസിക്യൂഷനും: നിയമം ലംഘിക്കുന്നവർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.
* ചെലവ് ഈടാക്കൽ: പൊതുസ്ഥലങ്ങളിലെ ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള മുഴുവൻ ചെലവും ഉത്തരവാദികളായ കുറ്റക്കാരിൽ നിന്ന് തന്നെ ഈടാക്കും.
ഹൈക്കോടതി ഉത്തരവിന്റെ (RP No. 1394/2025 in WP(c) No. 22750/2018 തീയതി 23/01/2026) അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഈ നടപടി. നാടിനെ സുരക്ഷിതവും മാലിന്യമുക്തവും മനോഹരവുമാക്കാൻ എല്ലാ രാഷ്ട്രീയ-സാമൂഹിക സംഘടനകളും പൊതുജനങ്ങളും സഹകരിക്കണമെന്ന് ആലക്കോട്, നടുവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ അഭ്യർത്ഥിച്ചു.

Post a Comment