കൊലപാതകം നടത്തി ഒളിവില്‍പോയി ; വേറെ വിവാഹവും കഴിച്ച്‌ വഴിയോരകച്ചവടം നടത്തി ജീവിതം ; 16 വര്‍ഷത്തിന് ശേഷം പൊക്കി...!


കണ്ണൂര്‍: കൊലപാതകക്കേസില്‍ ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ വേറൊരു നാട്ടില്‍ മറ്റൊരാളായി വേറെ വിവാഹവും കഴിച്ച്‌ ജീവിക്കുന്നതിനിടയില്‍ പോലീസ് പൊക്കി.
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ 16 വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാഴയില്‍ മുഹമ്മദ് അലി എന്ന 55 കാരനെയാണ് പോലീസ് പിടികൂടിയത്.

ആദ്യഭാര്യയുടെ സഹോദരനായ പറശ്ശിനിക്കടവ് മാങ്കടവിലെ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലായിരുന്നു പോലീസ് ഇയാളെ തെരഞ്ഞുനടന്നിരുന്നത്. കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നും കണ്ണൂര്‍ സിറ്റി പോലീസാണ് പിടികൂടിയത്. 2010 സെപ്തംബര്‍ 17 ന് നടന്ന സംഭവത്തില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ സഹോദരന്മാരായ ജലാലിനെയും ഷംസീറിനെയും മുഹമ്മദ് അലി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ജലാല്‍ പിന്നീട് മരണപ്പെട്ടു. ഈ കേസില്‍ വളപട്ടണം പോലീസ് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തു.

പിന്നീട് ജാമ്യം നേടിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. പോലീസിന്റെ അന്വേഷണം പരാജയപ്പെട്ടതോടെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാടുവിട്ട മുഹമ്മദ് അലി ഇതിനിടയില്‍ കേരളത്തിലും കര്‍ണാടകത്തിലുമായി മാറിമാറി ഒളിവില്‍ കഴിഞ്ഞു. കുടുംബവുമായും സുഹൃത്തുക്കളുമായുള്ള ബന്ധവും അവസാനിപ്പിച്ചു. ഇതിനിടയില്‍ ഉപ്പളയില്‍ മറ്റൊരുവിവാഹം കഴിച്ച്‌ താമസിച്ചു വരവേയാണ് പോലീസിന്റെ പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ താമസിക്കുമ്പോള്‍ പാചകത്തൊഴിലാളിയായും വിയോര കച്ചവടം ചെയ്തുമായിരുന്നു ജീവിച്ചിരുന്നത്.

ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായി കണ്ണൂര്‍ പോലീസാണ് മുഹമ്മദ് അലിയെ പിടികുടിയത്. പ്രതിയുടെ നാട്ടില്‍ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവില്‍ കാസര്‍ഗോഡ് കര്‍ണാടകാ മേഖലയില്‍ താമസിക്കുന്നതായി പോലീസിന് സൂചന കിട്ടുകയായിരുന്നു. പിന്നീടാണ് ഉപ്പളയില്‍ നിന്നും പിടികൂടിയത്.

Post a Comment

Previous Post Next Post