പാലക്കാട്: സംസ്ഥാനത്ത് പൊതുഗതാഗത മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് സ്വകാര്യ ബസ് ഉടമകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു.കെഎസ്‌ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടാകുന്ന വൻ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകള്‍ തികച്ചും അപര്യാപ്തമാണെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി. സമരം സംബന്ധിച്ച അന്തിമ തീയതിയും പ്രഖ്യാപനവും മറ്റന്നാള്‍ ഉണ്ടാകുമെന്നാണ് വിവരം.
കെഎസ്‌ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാർശകളാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുള്ളത്. ഒരേ റൂട്ടില്‍ സ്വകാര്യ ബസുകളും കെഎസ്‌ആർടിസിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത്. അതിനാല്‍ ഒരേ റൂട്ടുകള്‍ മാറ്റണമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
കെഎസ്‌ആർടിസി ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാർശകളാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, പ്രതീക്ഷയ്ക്ക് വക നല്‍കുന്നതോ തങ്ങളുടെ നഷ്ടം നികത്തുന്നതോ ആയ ഒന്നും റിപ്പോർട്ടില്‍ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം. നിലവിലെ മിനിമം യാത്രാ നിരക്ക് 15 രൂപയായി ഉയർത്തണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നുണ്ട്.
Post a Comment