തൃശൂർ: ചെറുതുരുത്തിയില്‍ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 6 വർഷമായി പരിചയമുള്ളയാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.മലപ്പുറം വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്.തേഞ്ഞിപ്പലം സ്വദേശി വിജീഷ് (41) ആണ് കീഴടങ്ങിയത്.
ബുധനാഴ്ച രാവിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തിയാണ് വിജീഷ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. "ഞാൻ ഒരാളെ കൊന്നു" എന്നായിരുന്നു ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്തെ ഹന്ന റസിഡൻസിയിലെ ഒരു മുറിയില്‍ ധനലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തി.
കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരുവരും ചെറുതുരുത്തിയില്‍ എത്തി മുറിയെടുത്തത്. 6 വർഷമായി ഇരുവരും പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തന്നെ വിവാഹം ചെയ്യാൻ ധനലക്ഷ്മി നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് വിജീഷ് പൊലീസിന് മൊഴി നല്‍കി. ചൊവ്വാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post a Comment