കണ്ണൂർ: ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തല്‍ പരിശീലകൻ ആർ.
രാജേഷിന്റെ മൃതദേഹം കൊണ്ടുപോകുന്നതില്‍ ഗുരുതര അനാസ്ഥ. ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിലാണ് മൃതദേഹം തൃശ്ശൂർ ചാവക്കാട് വരെ എത്തിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിച്ച മൃതദേഹം വഴിയില്‍ വെച്ച് മറ്റൊരു ആംബുലൻസിലേക്ക് മാറ്റി.ചാവക്കാട് വരെ ഇങ്ങനെ കൊണ്ടുപോയാല്‍ ശരിയാവില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മാറ്റിയത്. "ഒന്ന് എംബാം ചെയ്തെങ്കിലും വിടാമായിരുന്നു" എന്നാണ് ഡ്രൈവർമാർ പറയുന്നത്.
സംഭവത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് ഉത്തരവിട്ടു.
പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.
ഈ കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ മീൻതുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് ഒഴുക്കില്‍പ്പെട്ടത്. റെപ്പലിംഗ് പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവർത്തകനുമായിരുന്നു രാജേഷ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജേഷിന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീട് പോലുമില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment