ചെമ്പേരി: ഒഡീഷയിൽ നിന്നുള്ള ഒരു അതിഥി തൊഴിലാളിയെ എൻജിനീയറിങ് ബിരുദധാരിയാക്കി മാറ്റി നാടിന് മാതൃകയാവുകയാണ് ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം ഉപേക്ഷിച്ച് തൊഴിൽ തേടി കേരളത്തിലെത്തിയ റിങ്കു ഉത്തൻ സിംഗ് ആണ് പ്രതിസന്ധികളെ അതിജീവിച്ച് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.
ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലുള്ള മാട്ടിപ്പോദ ഗ്രാമത്തിലാണ് റിങ്കുവിന്റെ ജനനം. പരേതനായ അലെജ് ഉത്തൻ സിംഗിന്റെയും പ്രാഞ്ചിസ്കയുടെയും മകനാണ്. 2011-ൽ പിതാവിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ ചുമതല പൂർണ്ണമായും അമ്മയുടെ ചുമലിലായി. കൂലിപ്പണിയെടുത്താണ് അവർ മക്കളെ വളർത്തിയത്. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം റിങ്കുവിന് തുടർപഠനം സാധ്യമായില്ല. ഇതോടെ ഉപജീവനത്തിനായി കേരളത്തിൽ ചെങ്കൽ പണകളിൽ ജോലി ചെയ്തിരുന്ന തന്റെ രണ്ട് ജ്യേഷ്ഠന്മാരുടെ അടുത്തേക്ക് റിങ്കുവും വണ്ടി കയറുകയായിരുന്നു.
എന്നാൽ കഠിനമായ ജോലികൾക്കിടയിലും പഠിക്കണമെന്ന മോഹം ഈ യുവാവ് ഉപേക്ഷിച്ചിരുന്നില്ല. വിദ്യാർത്ഥിയുടെ പഠനത്തോടുള്ള അടങ്ങാത്ത താല്പര്യവും പ്ലസ് ടുവിലെ മികച്ച മാർക്കും ശ്രദ്ധയിൽപ്പെട്ട ചെമ്പേരി വിമൽ ജ്യോതി കോളേജ് അധികൃതർ, ഒരു പ്രത്യേക സ്കോളർഷിപ്പ് വഴി റിങ്കുവിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് വിഭാഗത്തിൽ പ്രവേശനം നൽകാൻ തയ്യാറായി. തനിക്ക് ലഭിച്ച ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തിയ റിങ്കു ഇന്ന് തികഞ്ഞ അഭിമാനത്തോടെയാണ് തന്റെ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയിരിക്കുന്നത്.
സഹോദരങ്ങളുടെ കഠിനാധ്വാനവും ത്യാഗവുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് റിങ്കു നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ ദിവസം വിമൽ ജ്യോതി കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്നും അദ്ദേഹം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഈ സന്തോഷ നിമിഷം. പഠനമികവിന്റെ അടിസ്ഥാനത്തിൽ കോളേജിൽ നടന്ന പ്ലേസ്മെന്റ് ഡ്രൈവിലൂടെ ചെന്നൈയിലെ ഒരു പ്രമുഖ കമ്പനിയിൽ റിങ്കുവിന് ഇതിനോടകം ജോലിയും ലഭിച്ചിട്ടുണ്ട്.
Post a Comment